ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ ഉണ്ടാകുന്നതായി ചന്ദ്രയാൻ മൂന്നിന്‍റെ കണ്ടെത്തൽ

ചന്ദ്രനിൽ ചില പ്രകമ്പനങ്ങൾ ഉണ്ടാകുന്നതായി ചന്ദ്രയാൻ മൂന്നിന്‍റെ കണ്ടെത്തൽ. ലാൻഡറിലെ ഇൽസ എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. പ്രതിഭാസത്തിന്റെ കാരണം വ്യക്തമല്ല. ആഗസ്റ്റ് 26 നാണ് ചന്ദ്രയാൻ മൂന്നിലെ ഇൽസ എന്ന ഉപകരണം ചന്ദ്രനിലെ പ്രകമ്പനം രേഖപ്പെടുത്തിയത്.

ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള കൂടുതൽ ശാസ്ത്ര വിവരങ്ങളും ദൃശ്യങ്ങളും ഐഎസ്ആർഒ പുറത്തുവിടുകയാണ്. റോവറിലെ രണ്ടാമത്തെ പേ ലോഡായ ആൽഫ പാർട്ടിക്കിൾ എക്സ് റേ സ്പെക്ട്രോമീറ്റർ ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിധ്യം ഉറപ്പിച്ചു. റോവറിലെ തന്നെ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്പെക്ട്രോസ്കോപ്പ് എന്ന ഉപകരണം രണ്ട് ദിവസം മുമ്പ് മൂലക സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ചന്ദ്രനിലെ സൾഫറിന്റെ ഉത്ഭവം എങ്ങനെയെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കിട്ടേണ്ടത്. ലാൻഡറിലെ പ്രധാന പേ ലോഡുകളിൽ ഒന്നായ രംഭയിൽ നിന്നുള്ള വിവരങ്ങളും ഇസ്രൊ  ഇന്ന് പുറത്തുവിട്ടിരുന്നു. ചന്ദ്രനിലെ പ്ലാസ്മ സാന്നിധ്യം പഠിക്കാനുള്ള ഉപകരണമാണ് ഇത്. ചന്ദ്രനിൽ പ്ലാസ്മ സാന്നിധ്യം കുറവാണെന്നാണ് രംഭയുടെ കണ്ടെത്തൽ.

റോവർ എപിഎക്സ്എസ് ഉപകരണം പ്രവർത്തിപ്പിക്കുന്നതിന്റെയും ദിശമാറി സഞ്ചരിക്കുന്നതിന്റെയും ദൃശ്യങ്ങളും ഇസ്രൊ ഇന്ന് പുറത്തുവിട്ടു. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയാണ് എപിഎക്സ്എസ് വികസിപ്പിച്ചത്. തിരുവനന്തപുരത്തെ സ്പേസ് ഫിസിക്സ് ലബോറട്ടറിയാണ് രംഭയ്ക്ക് പിന്നിൽ.

Be the first to comment

Leave a Reply

Your email address will not be published.


*