‘ചന്ദ്രയാന്‍ 3 അടുത്തു കണ്ട ചന്ദ്രന്‍’, ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ മൂന്ന് പകര്‍ത്തിയ ചന്ദ്രന്റെ എറ്റവും അരികെ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍-3 ലെ ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറ (എല്‍പിഡിസി) പകര്‍ത്തിയ ചിത്രമാണ് ഐഎസ്ആര്‍ഒ പങ്കുവച്ചത്. ഓഗസ്റ്റ് 15 നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതിനൊപ്പം, ഓഗസ്റ്റ് 17 ന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ മൊഡ്യൂളിനെ വേര്‍പെടുത്തിയതിന് ശേഷമുള്ള ദൃശ്യങ്ങളും ഐഎസ്ആര്‍ഒ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

അതിനിടെ, ഡീബൂസ്റ്റിങ് പ്രക്രിയയിലൂടെ ചന്ദ്രോപരിതലത്തില്‍ സുരക്ഷിത ലാന്‍ഡിങ്ങിന് തയ്യാറെടുക്കുകയാണ് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍. ലാന്‍ഡറിന്‌റെ വേഗത കുറച്ച് താഴ്ന്ന ഭ്രമണപഥത്തിലേക്ക് മാറ്റുന്ന പ്രവര്‍ത്തനമാണിത്. സോഫ്റ്റ്ലാൻഡിങ് വിജയകരമാകാൻ നിർണായകമായ പ്രവർത്തനമാണ് ഡീബൂസ്റ്റിങ്. ഇന്നലെയാണ് ലാൻഡർ മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ടത്.

ഇന്ന് വൈകിട്ടാണ് ഡീബൂസ്റ്റിങ് പ്രവര്‍ത്തനം. ഡീബൂസ്റ്റിങ്ങിന് പിന്നാലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി ലാന്‍ഡറെ 30 കിലോമീറ്റര്‍, 100 കിലോമീറ്റര്‍ പരിധികളുള്ള ദീര്‍ഘവൃത്താകാര ഭ്രമണപഥത്തിലെത്തിക്കും. ഇവിടെ നിന്ന് പ്രവേഗം (വെലോസിറ്റി) കുറച്ചാണ് ലാന്‍ഡിങ് സാധ്യമാക്കുക. ചന്ദ്രന് ഏറ്റവും അടുത്തെത്തുന്ന 30 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് പേടകം ലംബമാവുകയും ഉപരിതലത്തിലേക്ക് നീങ്ങുകയും ചെയ്യും. ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുന്ന ലാന്‍ഡറിന്റെ വേഗത കുറയ്ക്കുകയാണ് ലാന്‍ഡിങ്ങിലെ നിര്‍ണായക ഘട്ടം.

ലാന്‍ഡറും അതിനകത്തുള്ള റോവറും ചേര്‍ന്നതാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്‍ഡര്‍ മൊഡ്യൂള്‍. വ്യാഴാഴ്ച ഉച്ചയോടെയാണ് ഈ വേര്‍പെടല്‍ നടന്നത്. തുടര്‍ന്ന് ഇരു മൊഡ്യൂളുകളും പരസ്പരം ബന്ധമില്ലാതെ ഒരേ ഭ്രമണപഥത്തിലൂടെ നീങ്ങുകയാണ്. 153 കിലോ മീറ്റര്‍, 163 കിലോമീറ്റര്‍ പരിധിയുള്ള ഭ്രമണപഥത്തിലൂടെയാണ് സഞ്ചാരം. ഇവിടെ നിന്നാണ് ലാന്‍ഡര്‍ മൊഡ്യൂളിലെ ലിക്വിഡ് അപ്പോജി മോട്ടോര്‍ ജ്വലിപ്പിച്ച് ഡീബൂസ്റ്റിങ് നടത്തുക.

Be the first to comment

Leave a Reply

Your email address will not be published.


*