‘പറയാനുള്ളത് സധൈര്യം പറയും; ഒന്നും അതിരുവിട്ട് പറഞ്ഞിട്ടില്ല, ആരോടും വൈരാഗ്യമില്ല’; ചാണ്ടി ഉമ്മൻ

ഉപതിരഞ്ഞെടുപ്പിൽ തന്നെ അവഗണിച്ചെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. പറയാനുള്ളത് സധൈര്യം പറയും, ഉമ്മൻചാണ്ടിയും എകെ ആന്റണിയും അങ്ങനെ നിലപാടുകൾ പറഞ്ഞിട്ടുള്ളവരാണെന്ന് ചാണ്ടി ഉമ്മൻ‌ പറഞ്ഞു. തനിക്കെതിരെ പറയുന്നതെല്ലാം കോൺഗ്രസ് വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പിതാവിനെ ആക്രമിക്കുന്നവർ കോൺഗ്രസിൻ്റെ വേഷമിട്ടവരാണെന്ന് ചാണ്ടി ഉമ്മൻ.

ഒന്നും അതിരുവിട്ട് പറഞ്ഞിട്ടില്ലെന്നും ആരോടും വൈരാഗ്യമില്ലെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പറയാനുള്ള കാര്യങ്ങൾ പറയുന്നതിന് യാതൊരു മടിയുമില്ല. തനിക്ക് ചുമതല നൽകിയില്ല എന്നു പറയുന്നത് യാഥാർത്ഥ്യമാണ്. കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയും ശശി തരൂരും തന്നോട് സംസാരിച്ചിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

തനിക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടക്കുന്നതായി ചാണ്ടി ഉമ്മൻ പറയുന്നു. തന്റെ പിതാവിനെ ആക്രമിക്കുന്നവർ കോൺഗ്രസിൻ്റെ വേഷമിട്ടവരാണ്. തന്നെ ആക്രമിച്ചോളൂവെന്നും പിതാവിൻ്റെ കല്ലറയെ വെറുതെ വിടണമെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിൽ തനിക്ക്‌ മാത്രം ചുമതല നൽകാതിരുന്നത്‌ ഒതുക്കൽ ലക്ഷ്യമിട്ടാണെന്ന് ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഈ നിലപാടിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ച്‌ മുതിർന്ന നേതാക്കളായ കെ മുരളീധരനും തിരുവഞ്ചൂർ രാധാകൃഷ്‌ണനും ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചതിനിടയാണ് പാർട്ടിയിൽ ചാണ്ടി ഉമ്മൻ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഉപതിരഞ്ഞെടുപ്പിൽ താനൊഴികെ മറ്റെല്ലാ എംഎൽഎമാർക്കും ചുമതല നൽകിയെന്ന ആരോപണത്തിൽ ചാണ്ടി ഉമ്മൻ ഉറച്ചുനിൽക്കുന്നു. മുതിർന്ന നേതാക്കളെ നേരിൽ കണ്ട് വിഷയം ശ്രദ്ധയിൽപ്പെടുത്തും. പരിഹാരമുണ്ടായില്ലെങ്കിൽ ഹൈക്കമാന്റിൽ നേരിട്ട് പരാതി നൽകാനാണ് നീക്കം.

Be the first to comment

Leave a Reply

Your email address will not be published.


*