മുനമ്പം വഖഫ് വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പ് നടത്തുന്നു, ലക്ഷ്യം വോട്ട് ബാങ്ക്; വിമർശിച്ച് ചങ്ങനാശേരി ആർച്ച് ബിഷപ്പ്

രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളെ വിമർശിച്ച് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. മുനമ്പം വഖഫ് അടക്കമുള്ള വിഷയങ്ങളിൽ പാർട്ടികൾ മുതലെടുപ്പ് രാഷ്ട്രീയം നടത്തുകയാണ്.വോട്ടുബാങ്ക് നോക്കി അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കാൻ മാത്രമാണ് പാർട്ടികൾ നിലപാട് സ്വീകരിക്കുന്നത് അതുകൊണ്ടാണ് നമ്മുടെ നാട് പ്രതീക്ഷിക്കുന്നപോലെ വളരാത്തതെന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു.

ഒരു പാർട്ടിയോടും മമത കാണിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി നിലപാടുകൾ സ്വീകരിക്കുന്ന രാഷ്ട്രീയപാർട്ടികൾ കുറഞ്ഞുവെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, വഖഫ് ഭേദഗതി നിയമം പാർലമെൻറിൽ പാസ്സായെങ്കിലും സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് മുനമ്പം സമരസമിതിയുടെ തീരുമാനം. എല്ലാവർക്കും റവന്യൂ രേഖകൾ ലഭിക്കും വരെ നിരാഹാര സമരം ഉൾപ്പെടെ നടത്തി മുന്നോട്ടു പോകുമെന്ന് സമരസമിതി കൺവീനർ ജോസഫ് ബെന്നി പറഞ്ഞു.

രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമം നിലവിൽ വരുമെങ്കിലും സംസ്ഥാന സർക്കാർ മുനമ്പത്തെ താമസക്കാർക്ക് ഭൂ രേഖകൾ നൽകാൻ തയ്യാറാകണമെന്നാണ് സമരസമിതിയുടെ ആവശ്യം. വഖഫ് വിഷയത്തിൽ ദുരിതമനുഭവിക്കുന്ന മുനമ്പത്തെ എല്ലാവർക്കും ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കും വരെ സമരം തുടരും.കോട്ടപ്പുറം രൂപതയുമായും സമരസമിതിയുമായും ആലോചിച്ചാവും സമരം മുന്നോട്ടുപോവുക. നിലവിൽ സമരം അവസാനിപ്പിക്കാൻ യാതൊരുവിധ ആലോചനകളും ഇല്ലെന്നും സമരസമിതി വ്യക്തമാക്കുന്നു.