
ചങ്ങനാശേരി: ചങ്ങനാശേരി അസംപ്‌ഷൻ കോളേജിൽ ഈ അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം. നാലു വർഷ യുജി പ്രോഗ്രാമിന്റെ ഭാഗമായിവരുന്ന മാറ്റങ്ങളെ ഉൾക്കൊകൊണ്ടാണ് കോ എഡ്യുക്കേഷനിലേക്ക് മാറാൻ സ്ഥാപനം തീരുമാനിച്ചത്. കഴിഞ്ഞ 74 വർഷമായി പെൺകുട്ടികൾ മാത്രമായിരുന്നു അസംപ്‌ഷൻ ഓട്ടോണമസ് കോളേജിൽ പഠിച്ചിരുന്നത്.
19 യുജി കോഴ്സുകളും ഒന്‍പത് പിജി കോഴ്സുകളും 26 തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളുമാണ് അസംപ്ഷൻ കോളേജിലുള്ളത്. നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷന്റെയും കേരള ഗവൺമെന്റ് കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെന്ററിന്റെയും അംഗീകാരമുള്ള ഡിപ്ലോമ കോഴ്സുകൾ ആണ് ഇവ. തൊഴിലധിഷ്ഠിത കോഴ്സുകളുടെ സമയം ഉച്ചതിരിഞ്ഞ് രണ്ട് മണി മുതൽ 5 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ആ കോഴ്സുകളിൽ പ്രായഭേദമെന്യേ ആർക്കും പഠിക്കാവുന്നതാണ്.
നേരത്തെ കോളേജിൽ പഠനത്തോടൊപ്പം ജോലിയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉറപ്പാക്കാൻ പഠനസമയം പുനഃക്രമീകരിച്ചിരുന്നു. ഈ അധ്യയനവർഷം മുതൽ കോളേജ് സമയം ഒന്‍പത് മുതൽ രണ്ട് മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ 9.30 മുതൽ 3.30 വരെയാണു ക്ലാസ്. രണ്ട് മണിക്കുശേഷം വിദ്യാർഥികൾക്ക് പാർട്‌ടൈം ജോലിക്കുള്ള സൗകര്യമുണ്ടാകും. ജോലി ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് തൊഴിലധിഷ്ഠിത കോഴ്സുകൾക്കും ചേരാം.
പേഷ്യന്റ് കെയർ മാനേജ്മെന്റ്, മെഡിക്കൽ കോഡിങ് തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകൾ കോളേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. മത്സരപ്പരീക്ഷാ പരിശീലനത്തിൽ പങ്കെടുക്കാനും വിദേശ ഭാഷാപഠനത്തിനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും. കോളേജിന് പുറത്തുള്ള വിദ്യാർഥികൾക്കും റജിസ്റ്റർ ചെയ്ത് തൊഴിലധിഷ്ഠിത കോഴ്സ് പഠിക്കുന്നതിനുള്ള സൗകര്യമൊരുക്കും.
Be the first to comment