പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കെസിഎയുടെ ക്രിക്കറ്റ് കോച്ചിനെതിരെ കുറ്റപത്രം നൽകി

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനു എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകൻ എം മനുവിനെതിരെ നാല് കേസുകളിൽ പൊലീസ് കുറ്റപത്രം നല്‍കി. 

കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ തിരുവനന്തപുരത്തെ അക്കാദമിയിൻ പരിശീലകനായിരുന്നു എം മനു. ജൂനിയർ തലത്തിലുള്ള പെൺകുട്ടികൾക്കാണ് ഇയാൾ പരിശീലനം നൽകിയിരന്നത്. 2018 മുതൽ 2021 വരെയുള്ള കാലയളവിൽ അക്കാദമിയിൽ പരിശീലനത്തിയെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വിവരം അടുത്തിടെയാണ് പുറത്തുവന്നത്. രണ്ട് വർഷം മുമ്പ് ഇയാളുടെ പീഡനത്തിനിരയായ ഒരു കുട്ടി നാല് മാസം മുമ്പ് ഒരു മത്സരത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും മനുവിനെകണ്ടു. ഭയന്നു പോയ പെണ്‍കുട്ടി പൊലീസിനെ അറിയിച്ചതോടെയാണ് പീഡന വിവരങ്ങൾ പുറത്തുവരുന്നത്. 

ഇതിനു പിന്നാലെ അഞ്ച് പെൺകുട്ടികൾ കൂടി പൊലീസിനെ സമീപിച്ചു. ക്രിക്കറ്റ് അക്കാദമിയിലെ വിശ്രമ മുറിയിലും ശൗചാലയത്തിലും വെച്ചായിരുന്നു ആദ്യം പീഡനം. പിന്നീട് അസേസിയേഷൻ അറിയാതെ പെണ്‍കുട്ടികളെ തെങ്കാശിയിൽ ടൂര്‍ണമെന്‍റുകളിൽ മത്സരിപ്പിക്കാൻ കൊണ്ടുപോയി അവിടെവെച്ചും പീഡിപ്പിച്ചു. ആറ് പോക്സോ കേസുകളിൽ നാലെണ്ണത്തിലാണ് ഇപ്പോൾ കൺന്റോൺമെന്റ് പൊലീസ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രം നല്കിയത്.

2020ൽ പീഡനത്തിനിരയായ ഒരു പെൺകുട്ടിയെ പ്രായപൂര്‍ത്തിയായ ശേഷം കഴിഞ്ഞ ഏപ്രിലിൽ തെങ്കാശിയിൽ കൊണ്ടു പോയി പീഡിപ്പിച്ചതായും തെളിഞ്ഞു. ഇതേ തുടർന്ന് ഈ കേസ് തെങ്കാശിയിലെ കുറ്റാലം സ്റ്റേഷനിലേക്ക് കൈമാറിയിരിക്കുകയാണ്. 

മനുവിനെതിരെ കെസിഎയിലെ വനിതാ പരിശീലകയും സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. വിവിധ മത്സരങ്ങൾക്ക് കുട്ടികളെ കൊണ്ടു പോകുമ്പോൾ മനു തന്നെ പലകാരണങ്ങൾ പറഞ്ഞ് മനഃപൂർവം  ഒഴിവാക്കുമായിരുന്നു എന്നാണ് ഇവർ പൊലീസിന് മൊഴി നല്കിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*