
കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പി പി ദിവ്യ മാത്രമാണ് പ്രതി. ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ചാണ് കുറ്റപത്രം തയാറാക്കിയത്. 97 പേരുടെ മൊഴി രേഖപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
പ്രതി പി പി ദിവ്യ മാത്രമെന്നും, മരണ കാരണം യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ നടത്തിയ അധിക്ഷേപം എന്നുമാണ് കുറ്റപത്രത്തിലുള്ളത്. പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി, പ്രചരിപ്പിച്ചതും പിപി ദിവ്യ തന്നെയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ശാസ്ത്രീയ തെളിവുകളായി സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും ഉൾപ്പെടെ ശേഖരിച്ചിരുന്നു.
പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നായിരുന്നു പി പി ദിവ്യയുടെ ആരോപണം. എന്നാൽ കൈക്കൂലി വാങ്ങിയിട്ടില്ല എന്നാണ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഫയല്‍ നീക്കവുമായി ബന്ധപ്പെട്ട് യാതൊരുവിധ അസ്വഭാവികതയുമില്ല, അനധികൃത ഇടപെടലുമുണ്ടായിട്ടില്ല, കൈക്കൂലി വാങ്ങിയതിന് തെളിവുമില്ല എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. എഡിഎമ്മിനെ അപമാനിക്കാന്‍ പി പി ദിവ്യ ആസൂത്രിത നീക്കം നടത്തി. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയാണ് ദിവ്യ എത്തിയത്. കലക്ടറുടെ ഓഫീസില്‍ നാല് തവണ വിളിച്ച് യാത്രയയപ്പ് ചടങ്ങിന്റെ സമയം ഉറപ്പിച്ചിരുന്നു എന്നും ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Be the first to comment