കോട്ടയം ഗവ.നഴ്‌സിങ് കോളജിലെ റാഗിങ് കേസില്‍ അന്തിമ കുറ്റപത്രം സമർപ്പിച്ചു

കോട്ടയം:  കോട്ടയം ഗവ.നഴ്‌സിങ് കോളജിലെ റാഗിങ് കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. ഏറ്റുമാനൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് ഗാന്ധിനഗർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എസ്എച്ച്ഒ ടിഎസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് 47 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ നവംബർ മുതൽ നാല് മാസമാണ് ജൂനിയർ വിദ്യാർഥികളായ ആറുപേർ ക്രൂരപീഡനത്തിന് ഇരയായത്.

കേരള ഗവ.സ്റ്റുഡൻ്റ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂർ കരുമാറപ്പറ്റ കെപി രാഹുൽ രാജ് (22), മഞ്ചേരി പയ്യനാട് കച്ചേരിപ്പടി സി റിജിൽ ജിത്ത് (20), കോട്ടയം മൂന്നിലവ് വാളകം കരയിൽ കീരിപ്ലാക്കൽ വീട്ടിൽ സാമുവൽ ജോൺസൺ (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എൻവി വിവേക് (21), വയനാട് നടവയൽ പുൽപ്പള്ളി ഞാവലത്ത് എൻഎസ് ജീവ (19) എന്നിവരാണ് പ്രതികൾ. കേസില്‍ നിലവില്‍ ഇവർ റിമാൻഡിലാണ്.

കേസിൽ ഈ അഞ്ച് പേർ മാത്രമാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ സൈക്കോ വില്ലൻമാരെ പോലെയാണ് ജൂനിയേഴ്‌സിനെ ഉപദ്രവിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ജൂനിയർ വിദ്യാർഥികൾ വേദന കൊണ്ട് പുളഞ്ഞപ്പോൾ പ്രതികൾ അത് കണ്ട് ആനന്ദിച്ചെന്നും പറയുന്നു. പ്രതികൾ സ്ഥിരമായി ഹോസ്‌റ്റലിൽ മദ്യപിച്ചിരുന്നു. ഇതിന് പണം കണ്ടെത്താനായി ജൂനിയർ വിദ്യാർഥികളെ തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. പണം നൽകാത്തവരെ മുറിയിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കുന്നതായിരുന്നു പ്രതികളുടെ രീതിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

ജൂനിയർ വിദ്യാർഥികളുടെ ദേഹത്ത് കോംപസ്, ബ്ലേഡ്, കത്തി എന്നിവ ഉപയോഗിച്ച് മുറിവുണ്ടാക്കിയെന്നും മുറിവിൽ ലോഷൻ ഒഴിച്ചെന്നും സംഘം ചേർന്ന് മർദിക്കുന്നത് പതിവായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു. 40 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. റാഗിങ്ങിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*