കളമശ്ശേരി സ്ഫോടന കേസിൽ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി. ഡൊമിനിക് മാർട്ടിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ല. സ്ഫോടനത്തിലേക്ക് നയിച്ചത് യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പെന്നും കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ യുഎപിഎ ചുമത്തിയിരുന്നു.

ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എട്ട് പേർക്ക് ജീവന്‍ നഷ്ടമായി. സ്‌ഫോടന സമയത്ത് രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കൊരട്ടി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിൻ താനാണ് സ്ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തുകയായിരുന്നു.

സ്ഫോടനം നടത്തിയത് താൻ ഒറ്റയ്ക്കാണെന്നും പക മൂലമാണ് അക്രമം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു. വീട്ടിൽ വെച്ചാണ് സ്ഫോടക വസ്തു തയ്യാറാക്കിയത്. രണ്ട് മാസം മുമ്പേ സ്ഫോടനത്തിനായി തയ്യാറെടുപ്പ് നടത്തിയിരുന്നു. കൂടുതൽ വിവരങ്ങൾ യൂട്യൂബ് നോക്കി പഠിച്ചു. സ്ഫോടനത്തിൻ്റെ തലേദിവസം ബോംബ് നിർമ്മിച്ചു.

പുലർച്ചെ അഞ്ചരയ്ക്ക് തമ്മനത്തെ വീട്ടിൽ നിന്ന് ഇറങ്ങി. രാവിലെ ഏഴരയോടെ സാമ്ര കൺവെൻഷൻ സെന്ററിലെ പ്രാർത്ഥനാ ഹാളിലെത്തി. സ്കൂട്ടറിലാണ് എത്തിയത്. കസേരകൾക്കിടയിലാണ് ബോംബ് വെച്ചത്. നാല് റിമോട്ടുകൾ വാങ്ങിയിരുന്നു അതിൽ രണ്ടെണ്ണം മാത്രമാണ് ഉപയോ​ഗിച്ചതെന്നും ഡൊമിനികിൻ്റെ മൊഴിയിലുണ്ട്. ബോംബിനൊപ്പം പെട്രോളും വച്ചിരുന്നതായും പ്രതി മൊഴി നൽകിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*