ചാറ്റ് ജിപിറ്റിക്ക് ഇനി ചെലവേറും : പുതിയ മോഡലുകളില്‍ നൂറ് ഇരട്ടി നിരക്ക് വര്‍ധനയുമായി ഓപ്പണ്‍ എഐ

ഓപ്പണ്‍ എഐയുടെ വരാനിരിക്കുന്ന വലിയ ഭാഷാ മോഡലുകള്‍ക്ക് വിലയേറും. ഇത്തരം മോഡലുകളുടെ സബ്സ്‌ക്രിപ്ഷന് ഉയര്‍ന്ന നിരക്കുകള്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓപ്പന്‍ എഐയുടെ ചാറ്റ് ജിപിറ്റി പ്ലസിന് നിലവില്‍ പ്രതിമാസം 20 ഡോളറാണ് വരിസംഖ്യ.

എന്നാല്‍ പുതിയ മോഡലുകള്‍ക്ക് 2000 ഡോളര്‍ വരെ വരിസംഖ്യ ഈടാക്കാനാണ് ആലോചന. യുക്തി കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടുകളായ സ്‌ട്രോബെറി, ഓപ്പണ്‍ എഐയുടെ സ്വപ്‌ന പദ്ധതിയായ ഓറിയോണ്‍ എന്നീ പുതിയ മുന്‍നിര മോഡലുകള്‍ക്കാണ് വില ഉയരുന്നത്. നിലവില്‍ ചാറ്റ് ജിപിടി പ്ലസിന് 200 ദശലക്ഷത്തിലധികം പ്രതിവാര സജീവ ഉപയോക്താക്കളാണുള്ളത്.

ഇതാണ് നിരക്കു വര്‍ധനകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാക്കാന്‍ കാരണവും.കമ്പനിയുടെ എക്സിക്യൂട്ടീവുകളുടെ മീറ്റിംഗിലാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നതെന്നാണ് ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങളോട് ഓപ്പണ്‍ എഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ 20 ഡോളര്‍ വരിസംഖ്യയുള്ള ചാറ്റ് ജിപിറ്റി പ്ലസ് മോഡലിന്റെ ഫ്രീ വേര്‍ഷന്‍ ഓരോ മാസവും ദശലക്ഷക്കണക്കിന് ആളുകളാണ് ഉപയോഗിക്കുന്നത്.

ആഴത്തിലുള്ള ഗവേഷണം നടത്താന്‍ എഐ മോഡലുകളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സ്‌ട്രോബെറി’ എന്ന പേരില്‍ മൈക്രോസോഫ്റ്റ് പിന്തുണയോടെ ഓപ്പണ്‍എഐ പ്രവര്‍ത്തിക്കുന്നത്. സ്‌ട്രോബെറിയില്‍ പോസ്റ്റ് ട്രെയ്‌നിംഗ് എന്നറിയപ്പെടുന്ന ഒരു പ്രത്യേക വിഭാഗമുണ്ട്. ഓപ്പണ്‍ എഐയുടെ സാധാരണ മോഡലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഈ ഫീച്ചര്‍ സഹായിക്കും.

ആപ്പിള്‍ കമ്പനിയും ചിപ്പ് നിര്‍മാണ രംഗത്തെ ഭീമന്‍ കമ്പനിയായ എന്‍വിഡിയയും 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഓപ്പണ്‍എഐയില്‍ നടത്താനുള്ള ചര്‍ച്ചയിലാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഓപ്പണ്‍ എഐ നിരക്കുയര്‍ത്താനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതെന്നാണ് സൂചന.

തങ്ങള്‍ക്ക് 200 ദശലക്ഷത്തിലധികം പ്രതിവാര സജീവ ഉപയോക്താക്കളുണ്ടെന്നാണ് ചാറ്റ് ജിപിറ്റിക്കു പിന്നിലെ എഐ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഓപ്പണ്‍ എഐ പറഞ്ഞത്. കഴിഞ്ഞ സീസണില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയാണിതെന്നും ഇവര്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*