പഴയ മോഡല്‍ വാഹനം നല്‍കി കബളിപ്പിച്ചു; ഡീലര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

പഴയ മോഡല്‍ ഹോണ്ട യൂണികോണ്‍ വാഹനം നല്‍കി ഉപഭോക്താവിനെ കബളിപ്പിച്ച വാഹന വിതരണക്കാരന്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം, നെടുമ്പാശേരി സ്വദേശി അരവിന്ദ് ജി ജോണ്‍ നല്‍കിയ പരാതിയിലാണ് ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് ഉത്തരവിട്ടത്.

2018 ഫെബ്രുവരിയിലാണ് ഹോണ്ട യൂണികോണ്‍ മോട്ടോര്‍സൈക്കിള്‍ അങ്കമാലി ആര്യ ഭംഗി മോട്ടോഴ്‌സില്‍ നിന്ന് പരാതിക്കാരന്‍ ബുക്ക് ചെയ്തത്. 2018 മാര്‍ച്ചില്‍ വാഹനം നല്‍കിയെങ്കിലും ആര്‍സി ബുക്കില്‍ 2017 മോഡല്‍ വാഹനം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. നേരത്തെ പുറത്തിറങ്ങിയ പഴയ വാഹനമാണ് പുതിയ മോഡല്‍ എന്ന വ്യാജേന ഡീലര്‍ നല്‍കിയതെന്നും ഇത് സേവനത്തിലെ ന്യൂനതയാണെന്നും പരാതിയില്‍ പറയുന്നു.

ബുക്കിംഗ് സമയത്തും പണം നല്‍കിയപ്പോഴും വാഹനത്തിന്‌റെ മോഡല്‍ 2018 ആയിരുന്നു. എന്നാല്‍ ആര്‍സി ബുക്ക് ലഭിച്ചപ്പോള്‍ 2017എന്നാണ് രേഖപ്പെടുത്തിയത്. പുതിയ മോഡല്‍ കാണിച്ച് പഴയ മോഡല്‍ നല്‍കി ഉപഭോക്താവിനെ കബളിപ്പിച്ച നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് കോടതി കണ്ടെത്തി.

വാഹനത്തിന്റെ വിലയായ-85,660 രൂപ ഡീലര്‍ പരാതിക്കാരന് നല്‍കുമ്പോള്‍ പഴയവാഹനം തിരിച്ചു നല്‍കണം. നഷ്ടപരിഹാരവും കോടതി ചെലവിനത്തിലുമായി ഇരുപതിനായിരം രൂപ ഒന്‍പതു ശതമാനം പലിശ സഹിതം 30 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് ആര്യഭംഗി മോട്ടോഴ്‌സിന് കോടതി ഉത്തരവ് നല്‍കി. പരാതിക്കാരനു വേണ്ടി അഡ്വ. ജോര്‍ജ് ചെറിയാന്‍ ഹാജരായി.

Be the first to comment

Leave a Reply

Your email address will not be published.


*