ആവേശ പോരാട്ടത്തില്‍ അടിയും തിരിച്ചടിയും; ചെല്‍സി-ആര്‍സനല്‍ മത്സരം സമനിലയില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെ പോരാട്ടം ആവേശസമനിലയില്‍ സമാപിച്ചു. സ്റ്റഫോ ബ്രിഡ്ജില്‍ ഓരോ ഗോള്‍ വീതം അടിച്ചാണ് ചെല്‍സിയും ആഴ്‌സണലും പിരിഞ്ഞത്. ആദ്യവസാനം വരെ ചടുലമായ മുന്നേറ്റങ്ങളും പ്രതിരോധവും നിറഞ്ഞു നിന്ന് മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.

ആസുത്രണമികവോടെയുള്ള നീക്കങ്ങള്‍ ഏറെ കണ്ട മത്സരത്തിലെ 32-ാം മിനുട്ടില്‍ ഹവേര്‍ട്‌സ് ആഴ്‌സ്ണലിന് ലീഡ് നല്‍കിയെങ്കിലും വാര്‍ പരിശോധാനയില്‍ റഫറി ഗോള്‍ നിഷേധിച്ചു. രണ്ടാം പകുതിയില്‍ 60-ാം മിനുട്ടിലാണ് മാച്ചിലെ ആദ്യഗോള്‍ പിറന്നത്. മാര്‍ട്ടിനെല്ലിയിലൂടെ ആഴ്‌സണല്‍ തന്നെയാണ് സ്‌കോറിങിന് തുടക്കമിട്ടത്. സ്‌കോര്‍ 1-0. എന്നാല്‍ ചെല്‍സി ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയതോടെ ആഴ്‌സനല്‍ പ്രതിരോധത്തിന് പിടിച്ച് നില്‍ക്കാനായില്ല. പത്ത് മിനുട്ടകള്‍ക്ക് അകം തന്നെ മറുപടി ഗോളിലൂടെ ചെല്‍സി തിരിച്ചു വരുന്നതാണ് കണ്ടത്. 70-ാം മിനുട്ടില്‍ വിങ്ങര്‍ പെഡ്രൊ നെറ്റോ ആണ് ചെല്‍സിക്കായി സ്‌കോര്‍ ചെയ്തത്. സ്‌കോര്‍ 1-1.

സമനില ലീഡിലേക്ക് മാറ്റാനുള്ള സര്‍വ്വ ശ്രമങ്ങളും ചെറുത്തുനില്‍പ്പുകളുമായിരുന്നു മത്സരം അവസാനിക്കുന്നത് വരെ പിന്നീട് കണ്ടത്. നിരവധി ഗോള്‍ അവസരങ്ങള്‍ ഇരുടീമുകളും സൃഷ്ടിച്ചെടുത്തെങ്കിലും പ്രതിരോധം പിടിച്ചു നിന്നു. സമനിലയോടെ 19 പോയിന്റുമായി ചെല്‍സി പോയിന്റ് പട്ടികയില്‍ മൂന്നാമതും 19 പോയിന്റില്‍ നിന്ന് മാറ്റമില്ലാതെ ആഴ്‌സണല്‍ നാലാമതുമാണ്. 23ന് രാത്രി എട്ടരക്ക് നോട്ടിങ്ഹാം ഫോറസ്റ്റുമായാണ് ആഴ്‌സണിലിന്റെ അടുത്ത മത്സരം. ഇതേ ദിവസം വൈകീട്ട് ആറിന് ലെസ്റ്റര്‍സിറ്റിയെ ആയിരിക്കും ചെല്‍സി നേരിടുക.

 

Be the first to comment

Leave a Reply

Your email address will not be published.


*