ചേന്ദമംഗലം കൂട്ടക്കൊലപാതക കേസ്; പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ല; കുറ്റപത്രം ഇന്ന് സമർപ്പിക്കും

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ കുറ്റപത്രം ഇന്ന് സമർപ്പിക്കും. സംഭവം നടന്ന് 30 ദിവസത്തിന് ശേഷമാണ് കുറ്റപത്രം നൽകുന്നത്.പേരപ്പാടം കാട്ടിപ്പറമ്പിൽ വേണു ഭാര്യ ഉഷ , മകൾ വിനിഷ എന്നിവരെയാണ് അയൽവാസിയായ ഋതു ജയൻ വീട്ടിൽക്കയറി ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപെടുത്തിയത്. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും കൃത്യം നടത്തുന്ന സമയത്ത് ലഹരി ഉപയോ​ഗിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു.

കേസിൽ നൂറിലധികം സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകൾ ഉൾപ്പെടുത്തിയാണ് കുറ്റപ്പത്രം സമർപ്പിക്കുന്നത്. ആക്രമണത്തിൽ പരുക്കേറ്റ ജിതിൻ ആശുപത്രിയിൽ തുടരുകയാണ്. ജനുവരി 15 തിയതിയാണ് ഋതു ജയൻ എന്ന കൊടും ക്രിമിനിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ തലക്കടിച്ചു കൊലപ്പെടുത്തിയത്. അയൽത്തർക്കം ആയിരുന്നു കാരണം. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കുറ്റപത്രം അതിവേഗം സമർപ്പിക്കുന്നത്.

പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ജിതിന്റെ മൊഴി രേഖപ്പെടുത്താൻ പോലീസിനായില്ല. ജിതിൻ സംസാരശേഷി വീണ്ടെടുത്തിട്ടില്ല. ക്രൂരകൃത്യം കണ്ട കുട്ടികളുടെ മൊഴി, സിസിടിവി ദൃശ്യങ്ങൾ, ശാസ്ത്രീയ തെളിവുകൾ തുടങ്ങിയവ അന്വേഷണം കണ്ടെത്തിയിട്ടുണ്ട്. കുറ്റപത്രത്തിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ജിതിന്റെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കും. കേസിൽ ഋതു ജയൻ മാത്രമാണ് പ്രതി. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള 17 അംഗസംഘമാണ് കേസ് അന്വേഷിച്ചത്. പറവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം കുറ്റപത്രം സമർപ്പിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*