പാരീസ് ഒളിംപിക്സിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കായിക താരമാകാൻ ചെങ് ഹോഹാവോ

പാരീസ് : പാരീസ് ഒളിംപിക്സിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കായിക താരമാകാൻ ചെങ് ഹോഹാവോ. സ്‌കേറ്റ് ബോർഡിങ്ങിൽ മത്സരിക്കുന്ന ചൈനീസ് ബാലികയ്ക്ക് 11 വയസ്സ് മാത്രമാണുള്ളത്. ചൈനയുടെ ഏറ്റവും പ്രായം കുറഞ്ഞ ഒളിംപ്യൻ കൂടിയാകും ചെങ് ഹോഹാവോ. സ്‌കേറ്റ് ഇനത്തിൽ മെഡൽ നേടിയാൽ ഒളിംപിക്സ് ചരിത്രത്തിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം സ്വന്തമാക്കാനും താരത്തിന് കഴിയും. പാരീസ് ഒളിംപിക്‌സിന്റെ സമാപനദിനമായ ആഗസ്റ്റ് 11നാണ് താരത്തിന്റെ 12-ാം പിറന്നാൾ.

അതേ സമയം പാരീസ് ഒളിംപിക്സിന് ഇനി നാല് നാൾ മാത്രമാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്‌സിന്റെ 33-ാം പതിപ്പാണ് ഇത്തവണത്തേത്. 206 രാജ്യങ്ങളിൽ നിന്നായി 10714 അത്ലറ്റുകൾ 32 കായിക ഇനങ്ങളിലായി 329 മെഡൽ വിഭാഗങ്ങളിൽ മത്സരിക്കും.

ഇന്ത്യയിൽ നിന്നും 16 ഇനങ്ങളിലായി 117 കായിക താരങ്ങൾ മത്സരിക്കും. കേരളത്തിൽ നിന്നും ഏഴ് മലയാളികളാണ് ഇത്തവണ പാരീസിലെത്തുന്നത്. ഇതിൽ അഞ്ചുപേരും അത്ലറ്റിക് വിഭാഗത്തിൽ നിന്നാണ് മത്സരിക്കുന്നത്. ബാക്കി രണ്ട് പേരിൽ ഒരാൾ ഹോക്കിയിലും ഒരാൾ ബാഡ്മിന്റണിലുമാണ് മത്സരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*