അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്; ഇന്ന് ഡിസ്ചാർജ് ചെയ്യും

കോട്ടയം: പ്രസവശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശു പുതുജീവിതത്തിലേയ്ക്ക്. കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിനെ ഇന്ന് ഡിസ്ചാർജ് ചെയ്യും. കുഞ്ഞിന്റെ ആരോഗ്യനില പൂർണ തൃപ്തികരമാണെന്നും മറ്റു അണുബാധകളൊന്നും ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ പി ജയപ്രകാശ് അറിയിച്ചു. പത്തനംതിട്ട ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുഞ്ഞിനെ വിട്ടയക്കുന്നത്.

ചെങ്ങന്നൂർ മുളക്കുഴയിലെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്ത കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ എട്ടുമാസമായ കുഞ്ഞിന്റെ തൂക്കം1.3 കിലോ ആയിരുന്നു. ഇപ്പോൾ 1.43 കിലോ തൂക്കമുണ്ട്. പ്രാഥമിക ചികിത്സകളെല്ലാം കുഞ്ഞിന് നൽകി. ആശുപത്രിയിൽ പ്രത്യേക കരുതലാണ് കുഞ്ഞിന് നൽകിയത്. രണ്ടാഴ്ചയ്ക്ക് ശേഷം തുടർപരിശോധനയ്ക്കായി കുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ എത്തിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.

അമിത രക്ത സ്രാവത്തോടെ ആശുപത്രിയിലെത്തിയ യുവതി പറഞ്ഞത് അനുസരിച്ചാണ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. കുഞ്ഞിനെ കൊണ്ടുപോകുന്നതിനിടെ അനങ്ങുന്നത് ശ്രദ്ധയിൽപ്പെടുകയും തുടർന്ന് തൊട്ടടുത്തുളള ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*