പേമാരിയില്‍ മുങ്ങി ചെന്നൈ; രണ്ട് മരണം; നിരവധി കാറുകള്‍ ഒലിച്ചുപോയി; വിമാനത്താവളം അടച്ചു; വീഡിയോ

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലർച്ചെ കരതൊടുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ തീവ്ര മഴ തുടരുന്നു. കനത്ത മഴയിൽ ഈസ്റ്റ് കോസ്റ്റ് റോഡിൽ മതിലിടിഞ്ഞ് രണ്ട് പേർ മരിച്ചു. നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് ആയതോടെ ജനജീവിതം പൂർണമായി നിശ്ചലമായി. വെള്ളം കയറിയതിനെ തുടർന്ന് ചെന്നൈ വിമാനത്താവളവും അടച്ചു.

പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദേശം നൽകി. അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ചെന്നൈ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടയിലാണ്. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. വൈകിട്ട് വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ തമിഴ്നാട്ടിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

ട്രെയിൻ ഗതാഗതവും നിലച്ചു. 118 ട്രെയിനുകൾ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ കൂടി കടന്നുപോകുന്ന 35 സർവീസുകളും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. കനത്ത മഴയിൽ  അടിപ്പാലങ്ങളും മുങ്ങി. നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി. വഴിയോരങ്ങളിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി.

ചെന്നൈയിൽനിന്നുള്ള 20 വിമാനസർവീസുകൾ റദ്ദാക്കി. ചില വിമാനങ്ങൾ ബംഗളൂരുവിലേക്കു തിരിച്ചുവിട്ടു. 23 വിമാനങ്ങൾ വൈകും. മുൻകരുതലായി ചെന്നൈ അടക്കമുള്ള 6 ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അടിയന്തര സഹായത്തിനായി രക്ഷാദൗത്യ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവിൽ വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കിയാണു നീങ്ങുന്നത്. 

ചെങ്കൽപേട്ട്, കാഞ്ചീപുരം, ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ മണിക്കൂറിൽ 60-70 കി.മീ. വേഗത്തിൽ അതിശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. വില്ലുപുരം, കൂഡല്ലൂർ എന്നിവിടങ്ങളും കാറ്റ് ശക്തമാകും. ഗുരുനാനാക്ക് കോളജിനു സമീപം കെട്ടിടം തകർന്നുവീണ് 10 ജീവനക്കാർ കുടുങ്ങി. 

Be the first to comment

Leave a Reply

Your email address will not be published.


*