രണ്ടാം പിണറായി സർക്കാരിൻ്റെ മൂന്നാം 100 ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി നടക്കുന്ന മെഗാഫുഡ് പാർക്കിൻ്റെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും കേന്ദ്ര ഭക്ഷ്യമന്ത്രി ശ്രീ. പശുപതി കുമാർപരശും സംയുക്തമായി നിർവ്വഹിക്കും. പാർക്ക് പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ 1000 കോടിയുടെ നിക്ഷേപവും 3000 തൊഴിലുമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. 84 ഏക്കറിൽ 128.5 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ചേർത്തല മെഗാഫുഡ് പാർക്കിൽ ഇതിനോടകം നിരവധി കമ്പനികളുടെ യൂണിറ്റുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ആരംഭിക്കുന്ന പാർക്കിൻ്റെ ആദ്യഘട്ടത്തിൽ 68 ഏക്കർ ഭൂമിയിലാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നത്. ഗോഡൗൺ, കോൾഡ് സ്‌റ്റോറേജ്, ഡീപ് ഫ്രീസ്, ഡിബോണിങ് സെന്റർ, പാർക്കിങ് സൗകര്യം, ശുദ്ധജലം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, റോഡ് സൗകര്യങ്ങളെല്ലാം പൂർത്തിയായി. ഭക്ഷ്യസംസ്കരണ വ്യവസായങ്ങൾക്കായി വാടകയ്‌ക്ക് എടുക്കാവുന്ന കെട്ടിടങ്ങളിൽ 31 എണ്ണം ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തു. രണ്ടാംഘട്ടത്തിലുള്ള 16 ഏക്കറിലെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കടൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കെഎസ്ഐഡിസി നിർമ്മിച്ചിരിക്കുന്ന നൂതനമായ പാർക്ക് കേരളത്തിലെ ഫുഡ് പ്രൊസസിങ്ങ് മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Be the first to comment