പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെച്ചൊല്ലി തൃശ്ശൂർ പൂരത്തിനിടെയുണ്ടായ പ്രതിസന്ധിയെ കുറിച്ച് ലഭിച്ച പരാതികളില്‍ അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രണ്ട് പരാതികളാണ് എത്തിയതെന്നും ഇതില്‍ അന്വേഷണം നടത്താനായി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം ഗൗരതരമായി കാണുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
”തൃശ്ശൂർ പൂരം സംബന്ധിച്ച് നേരത്തെ ഒന്നുരണ്ട് ഘട്ടങ്ങളില്‍ ഇടപെടാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നു. അന്ന് തെരഞ്ഞെടുപ്പ് സമയമല്ല, തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിധിയുണ്ട്. അന്ന് ഇടപെട്ട് നല്ല ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നു. തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയപ്പോള്‍ ദേവസ്വം ഭാരവാഹികള്‍ വന്നു കണ്ടിരുന്നു. പൂരദിവസം അവിടെ എത്താന്‍ ക്ഷണിച്ചിരുന്നു. അന്ന് കോഴിക്കോട് പോകുന്നതിനാല്‍ വരാന്‍ പറ്റില്ലെന്ന് പറഞ്ഞു. നല്ല രീതിയിലാണ് സര്‍ക്കാര്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തത്.
ഈ പറയുന്ന ദിവസം എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ഗൗരവമായ പരാതി അതുമായി ബന്ധപ്പെട്ട് ഉന്നയിച്ചിട്ടുണ്ട്. അതിലൊന്ന് ദേവസ്വം ഉന്നയിച്ച പരാതിയാണ്. മാധ്യമപ്രവര്‍ത്തകരുടെ നേരെ ശരിയല്ലാത്ത നില സ്വീകരിച്ചു എന്നൊരു പരാതിയുമുണ്ട്. അത്തരം പരാതികളെ പറ്റി ഡിജിപിയോട് കൃത്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗൗരവമായി തന്നെയാണ് വിഷയത്തെ കാണുന്നത്. അന്വേഷണം നടക്കട്ടേ, തുടര്‍ന്ന് എന്താണോ വേണ്ടത് ആ നടപടികള്‍ സ്വീകരിക്കും”, മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പൂരപ്പറമ്പില്‍ ജനങ്ങളെ ശത്രുവായി കണ്ട തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിന് എതിരെ അന്വേഷണം വേണമെന്നാണ് സിപിഎമ്മും എല്‍ഡിഎഫും ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ മന്ത്രിമാര്‍ക്ക് വിഷയത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടായെന്നാണ് എല്‍ഡിഎഫിൻ്റെ വിലയിരുത്തല്‍. വിഷയത്തില്‍ ആര്‍എസ്എസ്-ബിജെപി ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയിറക്കി.
Be the first to comment