‘എല്ലാവരും കൈ മെയ് മറന്നു പ്രവര്‍ത്തിച്ചു’, എന്നിട്ടും…; ജോയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ജോയിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.

ജോയിയെ കണ്ടെത്താന്‍ 46 മണിക്കൂര്‍ നീണ്ട തുടര്‍ച്ചയായ രക്ഷാപ്രവര്‍ത്തനമാണ് നടന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഏകോപിതമായി പ്രവര്‍ത്തനം ഏറ്റെടുക്കുകയും മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറഞ്ഞു.

ജെന്‍ റോബോട്ടിക്സ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യ സഹായവും ഉറപ്പാക്കി. അതിസങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്‌നിരക്ഷാസേന, അവരുടെ സ്‌കൂബാ ഡൈവിങ് സംഘം, ദേശീയ ദുരന്തനിവാരണ സേന,പൊലീസ്, നാവികസേനയുടെ വിദഗ്ധസംഘം, ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൈ മെയ് മറന്ന് പ്രവര്‍ത്തിച്ചു. എല്ലാവര്‍ക്കും നാടിനുവേണ്ടിയുള്ള നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ശനിയാഴ്ച കാണാതായ ജോയിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് തകരപ്പറമ്പ് – വഞ്ചിയൂര്‍ ഭാഗത്തു നിന്ന് കണ്ടെത്തിയത്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*