കൊച്ചി: കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 23 മലയാളികളാണ് കുവൈറ്റിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇവരുടേതടക്കം 31 മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിലാണ് കേരളത്തിലെത്തിച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമടക്കമുള്ളവർ മൃതദേഹം ഏറ്റുവാങ്ങി. തമിഴ്നാട് നിന്നുള്ള ഏഴ് മൃതദേഹം തമിഴ്നാട് മന്ത്രി കെ എസ് മസ്താൻ ഏറ്റുവാങ്ങി
കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയ പ്രത്യേക സ്ഥലത്ത് ഓരോരുത്തർക്കായും ഒരുക്കിയിടത്ത് മൃതദേഹം എത്തിക്കുകയും മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിച്ച് അന്ത്യോപചാരമർപ്പിക്കുകയും ചെയ്തു. മൃതദേഹങ്ങൾക്കൊപ്പം എത്തിയ കേന്ദ്രസഹമന്ത്രിയും മുഖ്യമന്ത്രിക്കൊപ്പം അന്തിമോപചാരമർപ്പിച്ചു. ശേഷം കേരള സർക്കാരിന്റെ ആദരമായി കേരള പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് മൃതദേഹങ്ങൾ ആംബുലൻസുകളിൽ അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. അപകടത്തിൽ മരിച്ച ഏഴ് തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങൾ തമിഴ്നാട് മന്ത്രി കെ എസ് മസ്താൻ ഏറ്റുവാങ്ങി.
മൃതദേഹങ്ങൾ ഏറ്റുവാങ്ങാനെത്തിയ കുടുംബങ്ങൾ കണ്ടുനിൽക്കാനാകാതെ വിതുമ്പി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി സെബിന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ പിതാവ് പൊട്ടിക്കരഞ്ഞതോടെ ആശ്വസിപ്പിക്കാനാകാതെ ഒപ്പമെത്തിയവർ നിസ്സാഹായരാവുന്നതായിരുന്നു വിമാനത്താവളത്തിൽ നിന്നുള്ള വേദനിപ്പിക്കുന്ന കാഴ്ച.
തീപിടിത്തത്തിൽ ഭൂരിഭാഗം ആളുകളും മരിച്ചത് പുക ശ്വസിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. 31 പേരാണ് പുക ശ്വസിച്ച് മരിച്ചത്. 14 പേർ പൊള്ളേലേറ്റാണ് മരിച്ചത്. 45 മൃതദേഹവുമായാണ് വിമാനം കൊച്ചിയിലെത്തിയത്.
കുവൈറ്റ് മംഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിൽ ബുധനാഴ്ച പുലർച്ചെയാണ് അഗ്നിബാധയുണ്ടായത്. തീപിടിത്തതിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കുവൈറ്റ് ഫയര്‍ഫോഴ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗാര്‍ഡിന്റെ റൂമില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി. അപകടത്തില്‍ 50 ഇന്ത്യക്കാരാണ് മരിച്ചത്. 49 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. വിവിധ ആശുപത്രികളിലായി 28 പേരാണ് ആശുപത്രിയിൽ കഴിയുന്നത്.
Be the first to comment