തൃശ്ശൂർ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയും എൻഡിഎയും എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്താവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി സിപിഐഎം ഡീൽ കോൺഗ്രസിൻ്റെ മോഹം മാത്രമാണെന്നും രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്ന പാർട്ടിയല്ല സിപിഐഎമ്മെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോൺഗ്രസ് കേരള വിരുദ്ധ സമീപനം സ്വീകരിച്ചു. അതുകൊണ്ട് കേരളം കോൺഗ്രസിന് കനത്ത ശിക്ഷ നൽകും. ബിജെപി സ്വീകരിച്ച കേരള വിരുദ്ധ നിലപാടിനൊപ്പം കോൺഗ്രസും ഒപ്പം നിന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.
സിപിഐഎമ്മിൻ്റെ അക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിയെ രക്ഷിക്കാനാണെങ്കിൽ അത് നടക്കില്ല. സുരേഷ് ഗോപി തൃശ്ശൂരിൽ പരാജയപ്പെടുമെന്നും അദ്ദേഹത്തെ രക്ഷിക്കാൻ ആർക്കുമാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഐഎമ്മിൻ്റെ അക്കൗണ്ടുകൾ മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് നേട്ടമുണ്ടാകും എന്ന ആലോചന ബിജെപിക്ക് ഉണ്ടാകാം. അതാണ് ഇഡി നടപടിക്ക് പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗ്യാരണ്ടി ലഭിച്ചത് കോർപ്പറേറ്റുകൾക്ക് മാത്രമാണെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ബിജെപി പ്രകടനപത്രികയുടെ ജനകീയ വിചാരണയാവും തിരഞ്ഞെടുപ്പെന്നും വ്യക്തമാക്കി.
കടമെടുപ്പിൽ സുപ്രീം കോടതി സംസ്ഥാന സർക്കാരിൻ്റെ നിലപാട് അംഗീകരിച്ചു. ഭരണഘടനാബഞ്ചിൽ എത്തുമ്പോൾ കേസിന് വലിയ മാനങ്ങൾ കൈവരും. ഫെഡറലിസം സംബന്ധിച്ച നിർണ്ണായക കേസായി മാറും. കേരളത്തെ കുറിച്ച് പ്രധാനമന്ത്രി കടുത്ത ആക്ഷേപം ഉന്നയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് വർഗീയ അജണ്ടയാണെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി രണ്ട് ലോക് സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നൽകിയ വാഗ്ദാനങ്ങൾ അവശേഷിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചു. 70 ശതമാനം വീടുകളും സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് നിർമ്മിച്ചത്. സംസ്ഥാനം ഉണ്ടാക്കിയ നേട്ടത്തിന്മേൽ കേന്ദ്രത്തിൻ്റെ ബ്രാൻ്റിങ്ങാണ് കേന്ദ്രം ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
പ്രധാനമന്ത്രിയുടെ വിമർശനങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. കള്ളം പറഞ്ഞ് ശീലം തനിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കരുവന്നൂരിന്റെ കാര്യത്തിൽ കേരളത്തെ തകർക്കുക എന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചതാണ് സഹകരണ മേഖല. സഹകരണ മേഖല നല്ല നിലയിൽ. ചില മനുഷ്യർ വഴിതെറ്റിയ നിലപാട് സ്വീകരിച്ചു. അത്തരക്കാർക്കെതിരെ കടുത്ത നടപടിയിലേക്ക് കടന്നിട്ടുണ്ട്. സഹകരണമേഖലയെ ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കരുവന്നൂരിൻ്റെ കാര്യത്തിൽ നിക്ഷേപകർക്ക് 117 കോടി തിരിച്ച് നൽകി. കരുവന്നൂർ ബാങ്ക് തകരുകയില്ല. അഴിമതി നടത്തിയവരെ തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. നല്ല നിലയിലാണ് സഹകരണ മേഖലയെ സംരക്ഷിച്ചു പോകുന്നത്. ചിലർ വഴി തെറ്റിയ നിലപാട് സ്വീകരിച്ചു. ഒരു വിട്ടുവീഴ്ചയും വകുപ്പും സർക്കാരും നൽകിയില്ല. കരുവന്നൂർ ബാങ്ക് സാധാരണനിലയിൽ ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നിക്ഷേപം തിരികെ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചിരുന്നു.
Be the first to comment