സമാനതകളില്ലാത്ത ധീരനേതാവ്; ഹൃദയഭാരത്തോടെ ആദരാഞ്ജലികള്‍; മുഖ്യമന്ത്രി

കൊച്ചി: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണ് സീതാറാമിന്റെ നിര്യാണ വാര്‍ത്ത കേള്‍ക്കുന്നത്.

വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ നിന്ന് ഉയര്‍ന്നു വന്ന അദ്ദേഹം ഒന്‍പത് വര്‍ഷക്കാലം സിപിഐഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായി വൈഷമ്യമേറിയ രാഷ്ട്രീയ ഘട്ടങ്ങളിലൂടെ പാര്‍ട്ടിയെ നിയിച്ചു. പാര്‍ട്ടിയുടെ നേതൃപദവികളിലിരുന്ന് കൃത്യമായ നിലപാടുകള്‍ രൂപീകരിച്ചുകൊണ്ട് സിപിഎമ്മിനും ഇടതുപക്ഷത്തിനു പൊതുവിലും ഇന്ത്യന്‍ രാഷ്ട്രീയത്തിനാകെത്തന്നെയും മാര്‍ഗനിര്‍ദ്ദേശകമാവിധം സീതാറാം പ്രവര്‍ത്തിച്ചു. രാജ്യവും ജനങ്ങളും ഗുരുതരമായ പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടത്തില്‍ സീതാറാമിന്റെ അഭാവം രാജ്യത്തിന് പൊതുവില്‍ തന്നെ നികാത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സീതാറം വിദ്യാര്‍ഥി ജീവിതത്തിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ആ കാലം തൊട്ട് രാജ്യം ശ്രദ്ധിക്കുന്ന പൊതുപ്രവര്‍ത്തകനായി അദ്ദേഹം മാറിയിരുന്നു, ഇന്ത്യ കണ്ട പ്രമുഖ ധിക്ഷണാശാലികളില്‍ ഉന്നതനിരയിലാണ് സീതാറാമിന്റെ സ്ഥാനം എക്കാലവും. എല്ലാവരുമായി നല്ലബന്ധം പുലര്‍ത്തിപ്പോന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. ശക്തരായ കമ്യൂണിസ്റ്റ് എതിരാളികള്‍ പോലും അങ്ങേയറ്റം ആദരവോടെ സ്‌നേഹത്തോടെ സമീപിക്കാന്‍ കഴിഞ്ഞ നേതാവ് കൂടിയായിരുന്നു സീതാറാം. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതീവ ദുഃഖകരമാണ് ഈ വേര്‍പാട്. പെട്ടന്ന് നികത്താവുന്ന ഒന്നല്ല, അങ്ങേയറ്റം ഹൃദയഭാരത്തോടെ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*