വയനാട് ദുരന്തത്തിൽ പോലീസ് സേനയുടെ ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : വയനാട് ദുരന്തത്തിൽ പോലീസ് സേനയുടെ ഇടപെടലിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ജീവൻ തൃണവത്ഗണിച്ച് റാങ്ക് നോക്കാതെയാണ് പോലീസ് സേന വയനാട് ഇടപ്പെട്ടതെന്നും ഷിരൂർ സംഭവത്തിൽ എന്താണ് ഒരു ഡ്രൈവർക്കിത്ര പ്രാധാന്യമെന്ന് ചോദിക്കുന്നവരോട് കേരളത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് അതെന്നും പിണറായി വിജയൻ പറഞ്ഞു.

‘വിശാഖപട്ടണത്ത് നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയതെങ്കിലും പോലീസിന്റെ ഇടപെടൽ പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാനായി എന്നും പിണറായി കൂട്ടിച്ചേർത്തു. അതേ സമയം പോലീസിലെ ദുഷ്പ്രവണതകൾക്കെതിരെ മുഖ്യമന്ത്രി വിമർശനമുന്നയിക്കുകയും ചെയ്തു. പോലീസ് മാറിയെങ്കിലും ചിലയാളുകൾ മാറിയിട്ടില്ല, അവരെ മാറ്റാനുള്ള നടപടികളും ശ്രമങ്ങളും പോലീസ് അസോസിയേഷൻ്റെ ഭാഗത്ത് നിന്നുണ്ടാകണം, അല്ലാത്തവരെ സേനയിൽ വേണ്ടെന്ന് സർക്കാരിന് തീരുമാനിക്കേണ്ടി വരുമെന്നും പിണറായി പറഞ്ഞു.

ആരു വിളിച്ചാലും വിരുന്നിന് പോകുന്ന പോലീസാകരുതെന്നും ചിലയാളുകളുടെ പ്രവർത്തനം ആത്മാഭിമാനത്തോടെ ജോലി ചെയ്യുന്നവരുടെ അന്തസ്സ് ഇടിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ഉള്ള വരുമാനത്തിനനുസരിച്ച് അന്തസ്സോടെ ജീവിക്കാൻ പഠിക്കണമെന്നും മറ്റുള്ളവരുടെ പണം കണ്ടിട്ടാവരുത് നമ്മുടെ ജീവിത നിലവാരമുയർത്തേണ്ടത് എന്നും മുഖ്യമന്ത്രി ഉപദേശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*