ദ ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻറെ ഓഫിസ്. സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിൽ മലപ്പുറം ജില്ലയെ കുറിച്ചുള്ള പരാമർശങ്ങളാണ് വിവാദമായത്. അഭിമുഖത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ഗുരുതര ആശങ്കകൾ പങ്കുവച്ച മുഖ്യമന്ത്രിയുടെ ഓഫിസ്, പത്രം വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു. ദ ഹിന്ദു എഡിറ്റർക്കാണ് കത്തയച്ചത്.
അഭിമുഖത്തിൽ ഒരു പ്രത്യേക സ്ഥലമോ പ്രദേശമോ മുഖ്യമന്ത്രി പരാമർശിച്ചിട്ടില്ലെന്നാണ് വിശദീകരണം. “രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ” അല്ലെങ്കിൽ “ദേശവിരുദ്ധ പ്രവർത്തനങ്ങൾ” എന്ന പദങ്ങൾ മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടോ കേരള സർക്കാരിൻ്റെ നിലപാടോ പ്രതിഫലിപ്പിക്കുന്നില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
പത്രപ്രവർത്തനത്തിൻ്റെ ഏറ്റവും ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്ന ഒരു വിശ്വസ്ത പത്രമെന്ന നിലയിൽ, ഈ സെൻസിറ്റീവ് വിഷയത്തിൽ വ്യക്തത പുനഃസ്ഥാപിക്കാൻ സഹായിക്കണമെന്നാണ് ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തെ ഉടനടി പ്രാധാന്യത്തോടെ അഭിസംബോധന ചെയ്യുമെന്ന ഉറപ്പുണ്ടെന്നും ഓഫിസ് വ്യക്തമാക്കി.
Be the first to comment