‘കാഫിര്‍’ പോസ്റ്റിനു പിന്നില്‍ സിപിഎം ഗ്രൂപ്പുകളാണോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ‘കാഫിര്‍’ പോസ്റ്റിനു പിന്നില്‍ സിപിഎം ഗ്രൂപ്പുകളാണോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു ഗ്രൂപ്പുകള്‍ പോസ്റ്റ് പ്രചരിപ്പിച്ചു എന്ന് പോലീസ് റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ കണ്ടു. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അത് പരിശോധിച്ചശേഷം എന്താണെന്ന് നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സിപിഎം മുന്‍ എംഎല്‍എ കെ കെ ലതികയെ തള്ളി കെ കെ ശൈലജ എംഎല്‍എ രംഗത്തെത്തി. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കെ കെ ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന് ശൈലജ പറഞ്ഞു. സ്‌ക്രീന്‍ഷോട്ട് എന്തിന് ഷെയര്‍ ചെയ്തുവെന്ന് ചോദിച്ചപ്പോള്‍ പൊതുസമൂഹം അറിയേണ്ടതല്ലേ എന്നായിരുന്നു കെ കെ ലതികയുടെ മറുപടിയെന്നും കെ കെ ശൈലജ പറഞ്ഞു.

കാഫിര്‍ പോസ്റ്റ് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം. യഥാര്‍ത്ഥ ഇടത് ചിന്താഗതിക്കാര്‍ ഇത് ചെയ്യില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടറി തന്നെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച ഗ്രൂപ്പുകളെ തള്ളി പറഞ്ഞിട്ടുണ്ട്. കാഫിര്‍ പോസ്റ്റ് മാത്രമല്ല, കാന്തപുരത്തിന്റെ പേരില്‍ വ്യാജ ലെറ്റര്‍ ഹെഡില്‍ വന്ന പ്രചരണവും അന്വേഷിക്കണമെന്നും കെ കെ ശൈലജ പറഞ്ഞു. കാഫിര്‍ പ്രചരണം സിപിഎമ്മിന്റെ ഭീകര പ്രവര്‍ത്തനമെന്ന വി ഡി സതീശന്റെ ആരോപണത്തിന്, അങ്ങനെയെങ്കില്‍ കാന്തപുരത്തിന്റെ വ്യാജ ലെറ്റര്‍ ഹെഡ് ഇറക്കിയതും ഭീകര പ്രവര്‍ത്തനമാണെന്ന് ശൈലജ പ്രതികരിച്ചു.

ഭീകര പ്രവര്‍ത്തനത്തിന് സമാനമായ കാര്യമാണ് വടകരയിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. പിന്നില്‍ ആരാണെന്ന് പോലീസിന് അറിയാം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ സിപിഎമ്മിന്‍റെ നടപടിയാണ് കാഫിര്‍ സ്ക്രീൻ ഷോട്ടിന് പിന്നിൽ. മുൻ എംഎല്‍എ കെ കെ ലതിക ഉള്‍പ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാണ്. പിന്നില്‍ ആരാണെന്ന് പോലീസിന് അറിയാമെങ്കിലും പോലീസ് പറയില്ല. യഥാര്‍ത്ഥ പ്രതികളെ പുറത്ത് എത്തിക്കും വരെ നിയമപോരാട്ടം തുടരുമെന്നും വി ഡി സതീശൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*