തിരുവനന്തപുരം : കാര്യവട്ടം ക്യാമ്പസ് സംഘർഷത്തിൽ യാതൊരു രാഷ്ട്രീയ ഭേദവും ഇല്ലാതെയാണ് നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കാര്യവട്ടം ക്യാമ്പസ് സംഘർഷം പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കിയപ്പോൾ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോളേജ് ക്യാമ്പസിൽ നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇതിൽ നടപടിയായി പതിനഞ്ചോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്യാമ്പസിന് പുറത്തുനിന്നുള്ള ആളുകൾ കെഎസ്‌യു പ്രവർത്തകർക്കൊപ്പം എത്തിയതാണ് സംഘർഷത്തിന്റെ കാരണം. എംഎൽഎമാരായ എം വിൻസന്റും ചാണ്ടി ഉമ്മനുമാണ് പോലീസ് സ്റ്റേഷൻ ഉപരോധത്തിന് നേതൃത്വം നൽകിയത്. ഒരു പോലീസുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎമാർക്കെതിരെ കേസെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്എഫ്ഐക്കെതിരെ ആരോപണങ്ങളുമായി ആദ്യം രംഗത്തുവന്നത് എം വിൻസെന്റ് എംഎൽഎയാണ്. എസ്എഫ്ഐ അതിക്രമങ്ങൾ ചർച്ചയ്ക്ക് വന്നപ്പോഴെല്ലാം അവരെ മുഖ്യമന്ത്രി ന്യായീകരിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. മുഖ്യമന്ത്രി എസ്എഫഐക്ക് രാഷ്ട്രീയസംരക്ഷണം നൽകുന്നുവെന്നും ഇതാണ് അവരെ ആക്രമണങ്ങൾക്ക് പ്രചോദനം നൽകുന്നതെന്നും എം വിൻസെന്റ് പറഞ്ഞു. ഇതിനായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്. കെഎസ്‌യു പ്രവർത്തകർ പ്രതികളായ കേസുകൾ എടുത്തുപറഞ്ഞും മുഖ്യമന്ത്രി പ്രതിരോധിച്ചു. വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം എസ്എഫ്ഐ തകർത്തു എന്നായിരുന്നു പ്രചരണം. പിന്നീട് വസ്തുതകൾ കൃത്യമായി പുറത്തു വന്നപ്പോൾ എന്ത് ന്യായീകരണമാണ് നിങ്ങൾക്ക് പറയാനുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കെപിസിസി പ്രസിഡന്റിന്റെ അടുത്ത അനുയായിയാണ് എകെജി സെന്റർ ആക്രമണക്കേസിൽ അറസ്റ്റിലായത്. തനിക്ക് നേരെ വിമാനത്തിലുണ്ടായ ആക്രമണത്തിൽ ഇയാൾക്കും പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. ഏതെല്ലാം തരത്തിലുള്ള മാധ്യമവേട്ട നേരിട്ടാണ് ഞങ്ങളെല്ലാം ഇവിടെ നിൽക്കുന്നത് എന്ന ചോദിച്ച മുഖ്യമന്ത്രി ഈ പ്രചരണം കൊണ്ടൊന്നും തകർന്നു പോകുന്നവരല്ല ഞങ്ങളെന്നും അങ്ങനെ ഒരു വ്യാമോഹം വേണ്ടെന്നും മറുപടി നൽകി.
Be the first to comment