വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാനസർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് കണക്കുകൾ സംബന്ധിച്ച വാർത്തകളിൽ മാധ്യമങ്ങളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾ എസ്റ്റിമേറ്റ് സംബന്ധിച്ച് തെറ്റായ വാർത്തകൾ നൽകി. നശീകരണ മാധ്യമപ്രവർത്തനമാണ് നടക്കുന്നത്. സമൂഹത്തിനെതിരായ കുറ്റകൃത്യമാണ് ഇത്. മാധ്യമങ്ങൾ കച്ചവടതാത്പര്യമാണ് നടപ്പാക്കുന്നത്. മാധ്യമങ്ങൾ പൊതുവെ വിവാദ നിർമാണ ശാലകളായി മാറുന്നതാണ് കഴിഞ്ഞദിവസങ്ങളിൽ കണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കണക്കുകൾ പെരുപ്പിച്ച് അനർഹമായ സഹായം നേടാൻ ശ്രമിച്ചുവെന്ന വ്യാജകഥ പ്രചരിക്കാൻ മാധ്യമങ്ങളുടെ വാർത്തകൾ ഇടയാക്കി . അതിലൂടെ സംസ്ഥാന സർക്കാരും കേരളജനതയും ലോകം മുഴുവൻ അവഹേളിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താചാനലുകളും പത്രങ്ങളും എസ്റ്റിമേറ്റ് കണക്കുകളുമായി ബന്ധപ്പെട്ട് നൽകിയ തലക്കെട്ടുകൾ ഉൾപ്പെടെ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
തുടർന്ന് വയനാട് ഉരുൾപൊട്ടലിൽ ചെലവായ കണക്കുകളും ശനിയാഴ്ച രാവിലെ നടത്തിയ വാർത്താസമ്മേളത്തിൽ പിണറായി വിജയൻ വിശദീകരിച്ചു. ദുരിതാശ്വാസത്തിനായി സർക്കാരിന് ലഭിക്കുന്ന പിന്തുണയും സഹായങ്ങളും തടയാനുള്ള ശ്രമമാണ് നടക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ നൽകുന്നതിൽനിന്ന് ആളുകൾ പിന്തിരിപ്പാക്കാനുള്ള ദുഷ്ടലക്ഷ്യമാണ് പിന്നിൽ.
ഇത് നശീകരണ മാധ്യമപ്രവർത്തനമാണ്. സമൂഹത്തിനെതിരായ കുറ്റകൃത്യമാണ് പല മാധ്യമങ്ങളും നടത്തുന്നത്. വിവാദങ്ങൾ സൃഷ്ടിക്കുക, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കച്ചവട താത്പര്യങ്ങൾ നടപ്പിലാക്കാനായി മാധ്യമങ്ങൾ അധപതിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടാകാത്തയത്ര വലിയ ദുരന്തത്തിൽ അപകടത്തിലായ മനുഷ്യരോടാണ് മാധ്യമങ്ങൾ ക്രൂരത കാണിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Be the first to comment