മുഖ്യമന്ത്രിയുടെ അഭിമുഖം ; ദ ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ വിവാദം അവസാനിച്ചുവെന്ന് ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം : ന്യൂനപക്ഷത്തെ സിപിഐഎമ്മില്‍ നിന്ന് അകറ്റാനുള്ള ഗൂഢ നീക്കം നടക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഇതിനെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു, മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദ ഹിന്ദു ദിനപത്രം മാപ്പ് പറഞ്ഞതാണ്.

 മുഖ്യമന്ത്രിയും കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു. അതിന് മുകളില്‍ നിലപാട് സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിലും ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. വി മുരളീധരന്‍ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് ഒരുപാട് ആക്ഷേപങ്ങള്‍ ഉയര്‍ന്നതാണ്. ഒരു വാക്കുപോലും അദ്ദേഹം കേരളത്തിന് അനുകൂലമായി പറഞ്ഞിട്ടില്ല.

 വി മുരളീധരനും ബിജെപി നേതൃത്വവും സംസ്ഥാനത്തിന് അര്‍ഹിക്കുന്ന സഹായം നല്‍കണം. ഇടതുപക്ഷ സര്‍ക്കാരിനോടുള്ള എതിര്‍പ്പില്‍ വയനാട്ടിലെ ജനങ്ങളെ ശിക്ഷിക്കേണ്ട കാര്യമുണ്ടോയെന്നും ടി പി രാമകൃഷ്ണന്‍ ചോദിച്ചു. എ ഡി ജി പി എം ആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട വിഷയം റിപ്പോര്‍ട്ട് ആയി സര്‍ക്കാരിന് മുന്നില്‍ വരട്ടെയെന്നും അതിന് ശേഷം മറുപടി പറയാമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

 എന്‍സിപിയിലെ മന്ത്രിമാറ്റ വിഷയം എല്‍ഡിഎഫിന് മുന്നില്‍ വന്നിട്ടില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വിഷയം എല്‍ഡിഎഫിന് മുന്നില്‍ വരുമ്പോള്‍ അതേക്കുറിച്ച് ആലോചിക്കാം. അവരുടെ പാര്‍ട്ടിയില്‍ എന്തെക്കെയോ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. മന്ത്രിമാരെ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*