അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാം

തിരുവനന്തപുരം: അഞ്ച് വയസില്‍ താഴെയുള്ള ശിശുക്കള്‍ക്കും ആധാറില്‍ പേര് ചേര്‍ക്കാം. പൂജ്യം മുതല്‍ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് അവരുടെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. എന്നാല്‍ എന്റോള്‍ ചെയ്യപ്പെടുമ്പോള്‍ കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. പിന്നീട് കുട്ടികളുടെ അഞ്ചാം വയസിലും 15-ാം വയസിലും ബയോമെട്രിക്സ് നിര്‍ബന്ധമായും പുതുക്കേണ്ടതുണ്ട്.

അഞ്ചാം വയസ്സിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും, 15 വയസ്സിലെ നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ 17 വയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ സൗജന്യ പുതുക്കല്‍ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലാത്തപക്ഷം നൂറ് രൂപ നിരക്ക് ഈടാക്കും. നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ കുട്ടികളുടെ ആധാറിനെ ശക്തിപ്പെടുത്തും. പുതുക്കല്‍ നടത്താത്ത ആധാര്‍ കാര്‍ഡുകള്‍ അസാധു ആകാന്‍ സാധ്യതയുണ്ട്. സ്‌കോളര്‍ഷിപ്പ്, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, സ്‌കൂള്‍/ കോളജ് അഡ്മിഷന്‍, എന്‍ട്രന്‍സ് / പിഎസ്‌സി പരീക്ഷകള്‍, ഡിജിലോക്കര്‍, അപാര്‍, പാന്‍ കാര്‍ഡ് മുതലായവയില്‍ ആധാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

0-5 വയസ്സിലെ പേര് ചേര്‍ക്കല്‍, നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍ എന്നീ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റു ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭിക്കുന്നതാണ്.കേരളത്തില്‍ ആധാറിന്റെ നോഡല്‍ ഏജന്‍സിയായി കേരള സംസ്ഥാന ഐ.ടി മിഷനെയാണ് സംസ്ഥാന സര്‍ക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയും നിശ്ചയിച്ചിരിക്കുന്നത്. ആധാറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കും വിളിക്കേണ്ട നമ്പര്‍ : സിറ്റിസണ്‍ കാള്‍ സെന്റര്‍: 1800-4251-1800 / 0471 2335523. കേരള സംസ്ഥാന ഐടി മിഷന്‍ (ആധാര്‍ സെക്ഷന്‍): 0471-2525442. സംശയങ്ങള്‍ക്ക് : uidhelpdesk@kerala.gov.in എന്ന മെയില്‍ ഐ.ഡി യിലേക്ക് മെയില്‍ അയക്കുകയും ചെയ്യാം.

Be the first to comment

Leave a Reply

Your email address will not be published.


*