കോവിഡ് ബാധിച്ച കുട്ടികളിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഇരട്ടിയിലധികം; പഠനം

കോവിഡ് ബാധിച്ച കുട്ടികളിലും കൗമാരക്കാരിലും ടൈപ്പ് 2 പ്രമേഹ സാധ്യത ഇരട്ടിയിലധികമെന്ന് പഠനം. കോവിഡ് ബാധിച്ച കുട്ടികളിൽ അണുബാധയ്ക്ക് ശേഷം ഒന്ന് മുതൽ ആറ് മാസത്തിനുള്ളിൽ രോ​ഗാവസ്ഥ വരാനുള്ള സാധ്യതയുണ്ടെന്ന് വെസ്റ്റേൺ റിസർവ് സർവകലാശാല ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 2020 ജനുവരി മുതൽ 2022 ഡിസംബർ വരെയുള്ള മെഡിക്കൽ രേഖകൾ ​ഗവേഷകർ പരിശോധിച്ചു.

മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉള്ളവരെക്കാൾ കോവിഡ് ബാധ ഉണ്ടായിരുന്ന കുട്ടികളും കൗമാരക്കാരിലും ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലാണെന്ന് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. 10നും 19നു ഇടയിലുള്ള 6,14,000 കുട്ടികൾ പഠനത്തിന്‍റെ ഭാ​ഗമായി. പഠനത്തിൽ പങ്കെടുത്തവരിൽ പകുതിയോളം പേർക്ക് കോവിഡ് ബാധ ഉണ്ടായിരുന്നു. ഈ കുട്ടികൾക്ക് കോവിഡിന് ശേഷമുള്ള ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത മറ്റ് അണുബാധകൾ ഉള്ളവരേക്കാൾ ഇരട്ടിയിലധികമാണെന്ന് ​ഗവേഷകർ പറയുന്നു. പ്രത്യേകിച്ച് അമിതവണ്ണം ഉള്ളവരിൽ.

പ്രമേഹ സാധ്യത വർധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ടാകാം. കോവിഡ് ശരീരത്തിൽ പ്രമേഹ സാധ്യതയ്ക്കുള്ള അധിക സമ്മർദം ചെലുത്തിയേക്കാമെന്ന് ​ഗവേഷകർ വിലയിരുത്തുന്നു. ഇൻസുലിൻ ഉൽപാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പാൻക്രിയാസിനെ കോവിഡ് ബാധിക്കുന്നതു മൂലമാണിതെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജെഎഎംഎ നെറ്റ്‌വർക്ക് ഓപ്പൺ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എന്താണ് ടൈപ്പ് 2 പ്രമേഹം?

ശരീരം ഇൻസുലിനെ പ്രതിരോധിക്കുകയോ ആവശ്യത്തിന് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാതെ വരികയോ ചെയ്യുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയരാൻ കാരണമാകുന്നു. ടൈപ്പ് 2 പ്രമേഹം വിട്ടുമാറാത്ത അവസ്ഥയാണ്. അമിതവണ്ണ, അനാരോ​ഗ്യകരമായ ഭക്ഷണക്രമം, അലസമായ ജീവിത ശൈലി എന്നിവയാണ് ടൈപ്പ് 2 പ്ര​മേഹത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. ഇത് കാലക്രമേണ ഹൃദ്രോ​ഗം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.

Be the first to comment

Leave a Reply

Your email address will not be published.


*