
ജല സംരക്ഷണത്തിലും മാലിന്യ സംസ്‌കരണത്തിലും കുട്ടികൾ മാറ്റത്തിന്റെ ഏജന്റുമാരായി പ്രവർത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ജല വിഭവ സംരക്ഷണം, ദ്രവ മാലിന്യ സംസ്‌കരണം എന്നിവ പ്രമേയമാക്കി അമൃത് 2.0യുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ജലം ജീവിതം‘ പ്രൊജക്ട് പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ മാലിന്യ സംസ്‌കരണ പരിപാടികളിൽ ക്രിയാത്മകമായി സഹകരിക്കുന്ന നാഷണൽ സർവീസ് സ്കീം പ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു. മാലിന്യം തള്ളുന്ന പൊതുസ്ഥലങ്ങൾ വൃത്തിയാക്കി 3000 സ്‌നേഹാരാമങ്ങൾ നിർമിക്കാൻ എൻഎസ് എസ് തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഈ പ്രവർത്തനം തദ്ദേശസ്ഥാപനങ്ങൾക്ക് വലിയ ഊർജം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായി. പരിപാടിക്ക് പൂർണ പിന്തുണയും സഹായവും നൽകുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാനത്തെ 93 നഗര പ്രദേശങ്ങളിലെ തെരഞ്ഞെടുത്ത എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് സ്‌കൂളുകളിൽ ജലവിഭവ സംരക്ഷണം, ദ്രവമാലിന്യ സംസ്കരണം പഠന പ്രവർത്തനങ്ങളുടെ സംഘാടനമാണ് ‘ജലം ജീവിതം‘ പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്. വി.എച്ച്.എസ്.ഇയും എൻ.എസ്.എസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രചാരണത്തിന്റെ ആദ്യ ഘട്ടമായി ഒക്ടോബർ 16 മുതൽ 31 വരെയുള്ള കാലയളവിൽ, സംസ്ഥാനത്തെ 372 സ്‌കൂൾ വി.എച്ച്.എസ്.ഇ എൻ.എസ്.എസ്. യൂണിറ്റുകളിലെ വിദ്യാർഥി വോളന്റിയർമാർ 93 നഗര പ്രദേശത്തെ 372 വിവിധ സ്‌കൂൾ വിഭാഗ ക്യാമ്പസുകൾ സന്ദർശിച്ച് ജല വിഭവ സംരക്ഷണവും വിനിയോഗവും ശുചിത്വവും പ്രമേയമാക്കി സന്ദേശം കൈമാറുന്ന പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
അമൃത് മിഷൻ ഡയറക്ടർ അലക്‌സ് വർഗീസ് പദ്ധതി വിശദീകരണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം, എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ പി.എൻ സന്തോഷ്, സ്റ്റേറ്റ് എൻ.എസ്.എസ്. ഓഫീസർ ഡോ. അൻസർ ആർ.എൻ, എൻ.എസ്.എസ്, ഇ.ടിഐ കോർഡിനേറ്റർ ഡോ. സണ്ണി എൻ.എം, വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർ സിന്ധു ആർ തുടങ്ങിയവർ പങ്കെടുത്തു.
Be the first to comment