ന്യൂഡല്‍ഹി: കുട്ടികളെ നല്ലതും മോശമായതുമായ സ്പര്‍ശനം മാത്രമല്ല വെര്‍ച്വല്‍ ടച്ചിനെക്കുറിച്ചും പഠിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത്തരം വിഷയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സൈബര്‍ ഇടങ്ങളില്‍ പതിയിരിക്കുന്ന അപകടസാധ്യതകള്‍ തിരിച്ചറിയാനുള്ള കഴിവുണ്ടായിരിക്കണമെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള നിര്‍ദേശം നല്‍കണമെന്നും ജസ്റ്റിസ് സ്വർണ കാന്ത ശര്‍മ്മ വ്യക്തമാക്കി.
പരമ്പരാഗതമായി പലപ്പോഴും പ്രായപൂര്‍ത്തിയാകാത്തവരെ നല്ല സ്പര്‍ശനവും മോശം സ്പര്‍ശനവും പറഞ്ഞ് കൊടുക്കുന്നതിലും പഠിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്നത്തെ കാലത്ത് വെര്‍ച്വല്‍ ടച്ച് എന്താണെന്ന് കൂടി മനസിലാക്കേണ്ടതുണ്ട്. അതിനായി വിദ്യാഭ്യാസം വിപുലീകരിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. സ്‌കൂളുകള്‍, കോളേജുകള്‍, ഡല്‍ഹി സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ഡല്‍ഹി ജുഡീഷ്യല്‍ അക്കാദമി എന്നിവിടങ്ങളില്‍ ഈ വിഷയത്തില്‍ ശില്‍പ്പശാലകളും പരിപാടികളും കോണ്‍ഫറന്‍സുകളും നടത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും കോടതി പറഞ്ഞു.
16 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. സാമൂഹിക മാധ്യമം വഴിയാണ് പ്രതി പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. 25 ദിവസം വരെ പ്രതിയെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്. ഇന്നത്തെ കൗമാരക്കാര്‍ക്കിടയില്‍ വെര്‍ച്വല്‍ സ്‌നേഹമാണ് കൂടുതലുള്ളതെന്നും അതിൻ്റെ അപകട സാധ്യതകള്‍ നേരിടാന്‍ സജ്ജരല്ലെന്നും കോടതി പറഞ്ഞു.
Be the first to comment