ചുമ്മാ ചൂടാകരുതേ… കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം

പേരെന്റിങ് അഥവാ രക്ഷകര്‍തൃത്വം എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. പ്രത്യേകിച്ച് കുട്ടികള്‍ അല്‍പം വികൃതിയുളള കൂട്ടത്തിലാണെങ്കില്‍ മാതാപിതാക്കള്‍ ശരിക്കും വലയും. കുട്ടികളെ വരുതിയ്ക്ക് നിര്‍ത്താന്‍ വഴക്കും തല്ലും ഒക്കെ നാം പരീക്ഷിക്കാറും ഉണ്ട്. എന്നാല്‍  പുതിയ പഠനം അനുസരിച്ച്, മാതാപിതാക്കളുടെ രക്ഷാകര്‍തൃ രീതികള്‍ കുട്ടികളുടെ മാനസികാരോഗ്യത്തില്‍ സ്വാധീനം ചെലുത്തും.

എപ്പിഡെമിയോളജി ആന്‍ഡ് സൈക്യാട്രിക് സയന്‍സസ് എന്ന മെഡിക്കല്‍ ജേണലിലാണ് ഈ ഗവേഷണം പ്രസിദ്ധീകരിച്ചത്.  ഇതിന്റെ ഭാഗമായി അയര്‍ലന്റിലെ 9 മാസം മുതല്‍ 9 വയസ്സ് വരെ പ്രായമുള്ള 7,500-ലധികം കുട്ടികളുടെ വിവരങ്ങള്‍ പഠനത്തിന് വിധേയമാക്കി. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെയും ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളേജിലെയും ഗവേഷകരുടെ അഭിപ്രായത്തില്‍, മൂന്നാം വയസ്സില്‍, ദേഷ്യത്തോടെയുളള രക്ഷാകര്‍തൃത്വത്തിന് അഥവാ ഹോസ്‌റ്റെയില്‍ പേരെന്റിങ്ങിന് വിധേയരായ കുട്ടികള്‍ക്ക് അവരുടെ സമപ്രായക്കാരേക്കാള്‍ മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 1.5 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി.

മാനസിക പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കണമെങ്കില്‍ കഴിവതും ദേഷ്യത്തോടെയുളള, ശത്രുതാപരമായ രക്ഷകര്‍തൃത്വം ഒഴിവാക്കേണ്ടതാണ്. സമ്മര്‍ദ്ദം കൂടുതലുളള മാതാപിതാക്കളുടെ കുട്ടികളും കൂടുതല്‍ സമ്മര്‍ദ്ദത്തിലാണെന്നും ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നങ്ങളുമായി പൊരുതുന്നവരാണെന്നും ഗവേഷണങ്ങള്‍ കണ്ടെത്തി. ഇത്തരം മാതാപിതാക്കള്‍ അവരുടെ രക്ഷകര്‍തൃ കഴിവുകള്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. കുട്ടികളെ എല്ലായ്‌പ്പോഴും ശകാരിക്കുന്നത് ശരിയല്ല. ചെറിയ തെറ്റുകള്‍ക്കും കുട്ടികള്‍ക്ക് വലിയ ശിക്ഷ കൊടുക്കുക, തെറ്റ് ചെയ്തതിന് കുട്ടികളെ മാറ്റി നിര്‍ത്തുക, അവരുടെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന തരത്തില്‍ വഴക്ക് പറയുക തുടങ്ങിയ കാര്യങ്ങളൊന്നും ചെയ്യരുത്.

വളരെ സ്‌നേഹത്തില്‍ പെരുമാറുന്ന മാതാപിതാക്കളുടെ കുട്ടികളില്‍ മാനസിക വിഭ്രാന്തി ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. കുട്ടികളുടെ മാനസികാരോഗ്യം എന്നത്. ലിംഗഭേദം, ശാരീരിക ആരോഗ്യം, സാമൂഹിക, സാമ്പത്തിക നില എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 10-20% കുട്ടികളും കൗമാരക്കാരും മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*