കാത്തിരിപ്പിന് വിരാമം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ചൈനയിലേക്ക് മടങ്ങാം

കർശനമായ കോവിഡ് നിയന്ത്രണങ്ങൾ കാരണം രണ്ട് വർഷത്തിലേറെയായി ചൈനയിലേക്ക്  മടങ്ങി പോകാൻ കഴിയാതെ പഠനം അനശ്ചിതാവസ്ഥയിലായ ഇന്ത്യൻ വിദ്യാർത്ഥികളുടെ  കാത്തിരിപ്പ് അവസാനിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ വീണ്ടും വിസ  നൽകി തുടങ്ങുകയാണെന്ന് ചൈനയിലെ വിദേശ കാര്യമന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ ഇന്ത്യയിൽ നിന്നുള്ളവർക്ക് ബിസിനസ് വിസ ഉൾപ്പെടെ വിവിധ തരം യാത്രാ അനുമതികൾ നൽകി തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

“ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ! നിങ്ങളുടെ ക്ഷമ വളരെ വിലപ്പെട്ടതാണ്. ചൈനയിലേക്ക് വീണ്ടും സ്വാഗതം!” ചൈനയിലെ വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് കൗൺസിലർ ജി റോ​ഗ് ട്വീറ്റ് ചെയ്തു.

വിദ്യാർത്ഥികൾക്കും ബിസിനസുകാർക്കും ചൈനയിൽ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങൾക്കും വിസകൾ വീണ്ടും നൽകി തുടങ്ങുമെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള ന്യൂഡൽഹിയിലെ ചൈനീസ് എംബസിയുടെ വിശദമായ അറിയിപ്പ് ഉദ്ധരിച്ചായിരുന്നു ട്വീറ്റ്.
ഉന്നത വിദ്യാഭ്യാസത്തിനായി ദീർഘകാല പഠനം തുടരാൻ ചൈനയിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാം എക്സ്1 (X1) വിസ നൽകുമെന്നാണ് പ്രഖ്യാപനം. ചൈനയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതുതായി പ്രവേശനം നേടിയിട്ടുള്ള വിദ്യാർത്ഥികൾക്കും പഠനം പുനരാരംഭിക്കുന്നതിനായി ചൈനയിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്കും വിസ നൽകും.

കൊവിഡ് വിസ നിയന്ത്രണങ്ങൾ കാരണം 23,000ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ വീടുകളിൽ കുടുങ്ങിയതായാണ് റിപ്പോർട്ടുകൾ. ഇതിൽ കൂടുതലും മെഡിസിൻ വിദ്യാർത്ഥികളാണ്. പഠനം തുടരുന്നതിനായി ചൈനിയിലേക്ക് ഉടൻ മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ പേരുകൾ ചൈന തേടിയതിന് പിന്നാലെ നൂറുകണക്കിന് വിദ്യാർത്ഥികളുടെ പട്ടിക ഇന്ത്യ സമർപ്പിച്ചിരുന്നു.

പുതിയതായി പോകുന്ന വിദ്യാർത്ഥികൾ ചൈനയിലെ ഏതെങ്കിലും ഒരു യൂണിവേഴ്സിറ്റി നൽകിയ യഥാർത്ഥ പ്രവേശന കത്ത് (original admission letter) ഹാജരാക്കണം, പഴയ വിദ്യാർത്ഥികൾ കാമ്പസിലേക്ക് മടങ്ങുന്നതിനായി ചൈനയിലെ അവരുടെ യൂണിവേഴ്സിറ്റി നൽകുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിച്ചിരുന്ന ആയിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ പഠനം തുടരുന്നതിനായി ചൈനയിലേക്ക് മടങ്ങി പോകാൻ ആ​ഗ്രഹിക്കുന്നതായാണ് ഔദ്യോ​ഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇവരുടെ അപേക്ഷകൾ പരിഗണിക്കുന്ന സർവ്വകലാശാലകൾ വിസയ്ക്ക് അപേക്ഷിക്കാനുള്ള സർട്ടിഫിക്കറ്റ് നൽകുമോ എന്ന കാര്യം കണ്ടറിയണം.

ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകളില്ലെന്നതാണ് മറ്റൊരു വലിയ പ്രശ്നം. രണ്ട് വർഷത്തിനിടെ ആദ്യമായി അടുത്തിടെ മാത്രമാണ് ഇന്ത്യൻ വ്യവസായികളും അവരുടെ കുടുംബങ്ങളും ഉൾപ്പെടുന്ന ഒരു ചാർട്ടേഡ് വിമാനം ചൈനീസ് നഗരമായ ഹാങ്‌ഷൗവിൽ എത്തിയത്. 

വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടന്നുവരികയാണെന്ന് ഇന്ത്യയിലെയും ചൈനയിലെയും അധികൃതർ അറിയിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*