ചന്ദ്രന്റെ വിദൂരവശത്തുനിന്ന് മണ്ണും കല്ലുകളും ശേഖരിച്ച് ഭൂമിയിലെത്തിച്ച ആദ്യ രാജ്യമമെന്ന ചരിത്രം കുറിച്ച് ചൈന

ചന്ദ്രന്റെ വിദൂരവശത്തുനിന്ന് മണ്ണും കല്ലുകളും ശേഖരിച്ച് ഭൂമിയിലെത്തിച്ച ആദ്യ രാജ്യമമെന്ന ചരിത്രം കുറിച്ച് ചൈന. മേയ് മൂന്നിന് ഹൈനാൻ പ്രവിശ്യയിൽനിന്ന് വിക്ഷേപിച്ച ചാങ്’ഇ-6 പേടകം ദൗത്യം പൂര്‍ത്തിയാക്കി ഇന്ന് മംഗോളിയയുടെ ഉൾഭാഗത്തുള്ള സിസിവാങ് ബാനർ മേഖലയിലെ ലാൻഡ് ചെയ്തു.

ചൈനീസ് ചന്ദ്രദേവതയുടെ പേരിലുള്ള ചാങ്’ഇ-6 ആളില്ലാ പേടകം ജൂൺ രണ്ടിനാണ് ചന്ദ്രന്റെ വിദൂരവശത്ത് വിജയകരമായി ഇറങ്ങിയത്. തുടർന്ന് മണ്ണും കല്ലുകളും ഉൾപ്പെടെയുള്ള സാമ്പിളുകൾ ശേഖരിച്ച് മടക്കയാത്ര ആരംഭിക്കുകയായിരുന്നു. വിക്ഷേപിച്ച് 53 ദിവസത്തിനുശേഷമാണ് പേടകം തിരിച്ചെത്തിയത്. പാരച്യൂട്ടിന്റെ സഹായത്തോടെയാണ് പേടകം മംഗോളിയയിൽ ഇറങ്ങിയത്.

ലോങ് മാർച്ച്-5 വൈബി റോക്കറ്റിലായിരുന്നു ചാങ്’ഇ-6 വിക്ഷേപണം. ചാന്ദ്ര പര്യവേക്ഷണത്തിലെ നിര്‍ണായക ചുവടുവെപ്പായിരുന്നു ചാങ് ഇ ദൗത്യം. ചൈനയുടെ ബഹിരാകാശ പദ്ധതികളിലും സുപ്രധാന നാഴികക്കല്ലായിരുന്നു ഇത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവമായ ഐറ്റ്‌കെൻ ബാസിനിലെ അപ്പോളോ ഗര്‍ത്തത്തില്‍ നിന്നുള്‍പ്പെടെ ഏകദേശം രണ്ട് കിലോഗ്രാമോളം സാമ്പിളുകളാണ് പേടകം ശേഖരിച്ചത്. റോബോട്ടിന്റെ സഹായത്തോടയാണ് പേടകം സാമ്പിളുകൾ ശേഖരിച്ചത്.

ചന്ദ്രനിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഭൂമിശാസ്ത്രപരമായി പ്രത്യേകതയുള്ള ഈ മേഖല ശാസ്ത്രജ്ഞരുടെ ഇഷ്ടമേഖലയാണ്.ബഹിരാകാശപര്യവേഷണത്തില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന കഴിവിന്റെ ഉദാഹരണം കൂടിയാണ് ഈ ദൗത്യത്തിന്റെ വിജയം. യുഎസും ചൈനയും മുൻ സോവിയറ്റ് യൂണിയനും ചന്ദ്രൻ്റെ സമീപ വശത്തുനിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു. എന്നാൽ വിദൂരവശത്തുനിന്ന് സാമ്പിൾ ശേഖിക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല.

“ഇത് ചൈനയുടെ വലിയ നേട്ടമാണ്. ചന്ദ്രനിൽ നിന്ന് ഏതെങ്കിലും സാമ്പിളുകൾ ശേഖരിക്കുന്നത് ബുദ്ധിമുട്ടാണ്. ആശയവിനിമയം പ്രത്യേകിച്ച് ബുദ്ധിമുട്ടുള്ള വിദൂര വശത്തുനിന്ന് സാമ്പിളുകൾ ശേഖരിക്കാൻ മറ്റൊരു ഏജൻസിക്കും കഴിഞ്ഞിട്ടില്ല. യഥാർത്ഥ സാങ്കേതിക നേട്ടം,” ” ലെസ്റ്റർ സർവകലാശാലയിലെ ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്ര പ്രൊഫസർ മാർട്ടിൻ ബാർസ്റ്റോ പറഞ്ഞു.

ചന്ദ്രൻ്റെ സമീപമേഖലകളിൽനിന്ന് മുൻപ് ശേഖരിച്ച സാമ്പിളുകൾ പഠിക്കാൻ അന്താരാഷ്ട്ര ശാസ്ത്രജ്ഞരെ ചൈന അനുവദിച്ചിരുന്നു. എന്നാൽ ഇത്തവണ സമാനമായ പ്രവേശനം അനുവദിക്കുമോയെന്ന് വ്യക്തമല്ല. ഇപ്പോൾ ശേഖരിച്ച സാമ്പിളുകളിലൂടെ ചന്ദ്രന്റെ ഭൂമിശാസ്ത്രപരമായ ചരിത്രവും വിദൂര സ്ഥലങ്ങളിലെയും അടുത്ത സ്ഥലങ്ങളിലെയും വ്യത്യാസങ്ങളും പഠിക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ചന്ദ്രന്റെയും മറ്റ് ഗ്രഹങ്ങളുടെയും രൂപീകരണത്തെക്കുറിച്ചുള്ള ചില സൂചനകള്‍ നല്‍കാനും ഈ സാമ്പിളുകള്‍ സഹായിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*