തെക്കൻ ചൈനാക്കടലിൽ ചൈന – ഫിലിപ്പീൻസ് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

ബീജിങ് : തർക്കമേഖലയായ തെക്കൻ ചൈനാക്കടലിൽ ചൈനയുടെയും ഫിലിപ്പീൻസിൻറെയും കപ്പലുകൾ കൂട്ടിയിടിച്ചു. ചൈന അവകാശവാദമുന്നയിക്കുന്ന ഫിലിപ്പീൻസ് ദ്വീപായ സെക്കൻഡ് തോമസ് ഷോളിലാണ് കപ്പൽ അപകടമുണ്ടായിരിക്കുന്നത്. ഫിലിപ്പീൻസ് കപ്പലാണ് അപകടമുണ്ടാക്കിയതെന്നാണ് ചൈനീസ് തീര സംരക്ഷണ സേനയുടെ അവകാശവാദം. എന്നാൽ അപകടത്തോട് ഫിലിപ്പീൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

‌ചൈനയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് കപ്പലിനെ അപകടകരമായ രീതിയിൽ സമീപിച്ചത് ഒരു കൂട്ടിയിടിയിൽ കലാശിച്ചുവെന്നും അപകടത്തിന്റെ ഉത്തരവാദി ഫിലിപ്പീൻസ് ആണെന്നും ചൈന വ്യക്തമാക്കി. ചൈനാക്കടലിൽ അമേരിക്ക അവകാശവാ​ദം ഉന്നയിക്കുന്നില്ലെങ്കിലും തെക്കൻ ചൈനാക്കടലിലെ പ്രധാന ചരക്ക് ​ഗതാ​ഗത പാതയിൽ ഫിലിപ്പീൻ സൈന്യമോ കപ്പലുകളോ വിമാനങ്ങളോ ആക്രമിക്കപ്പെട്ടാൽ പ്രതിരോധം തീർക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ചൈന യുഎസ് നയതന്ത്രബന്ധം വഷളായിരിക്കുന്ന ഘട്ടത്തിൽ അമേരിക്ക പിന്തുണ നൽകുന്ന ഫിലിപ്പീൻസ് കപ്പൽ അപകടത്തിന് കാരണമായത് പ്രദേശത്ത് സമ്മർദ്ദം വർദ്ധിപ്പിച്ചിരിക്കുകയാണ്. ചൈനയ്ക്കും ഫിലിപ്പീൻസിനും പുറമെ വിയറ്റ്നാം, മലേഷ്യ, ബ്രൂണെ, തായ്‌വാൻ എന്നിവയും ഈ ത‍ർക്കമേഖലയുടെ ഭാ​ഗമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*