കൊവിഡ് നിയന്ത്രണങ്ങൾക്ക് എതിരായ ജനകീയ പ്രതിഷേധം അടിച്ചമർത്തി ചൈന

ബീജിങ്: കൊവിഡ് നിയന്ത്രണങ്ങൾക്ക് എതിരായ ജനകീയ പ്രതിഷേധം അടിച്ചമർത്തി ചൈന. പ്രധാന നഗരങ്ങളെല്ലാം പൊലീസ് വലയത്തിലായതോടെ ഇന്ന് പലയിടത്തും പ്രതിഷേധം നടന്നില്ല. നൂറ് കണക്കിന് സമരക്കാരെ അറസ്റ്റ് ചെയ്ത സർക്കാർ, കടുത്ത സാമൂഹികമാധ്യമ നിയന്ത്രണവും ഏർപ്പെടുത്തി.

ഒരാഴ്ചയായി പ്രതിഷേധക്കാരാൽ നിറഞ്ഞിരുന്ന നഗരങ്ങളെല്ലാം പൊലീസ് നിയന്ത്രണത്തിലായി. മുദ്രാവാക്യം വിളിയും പ്രതിഷേധവും നിറഞ്ഞ ഇടങ്ങൾ നിശ്ശബ്ദമായി. പ്രതിഷേധമെല്ലാം സര്‍ക്കാര്‍ അടിച്ചമർത്തി. ഇന്നലെ രാത്രി മാത്രം നൂറുകണക്കിന് സമരക്കാരാണ് പൊലീസിന്‍റെ പിടിയിലായത്. ബീജിംഗും ഷാങ്ഹായയിയുമടക്കമുള്ള നഗരങ്ങളിൽ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രതിഷേധക്കാരെത്താനിടയുള്ള വഴികളെല്ലാം അടച്ചു. സർവ്വകാലാശാലകൾ പൂട്ടി. തെരുവിൽ മാത്രമല്ല സാമൂഹ്യമാധ്യമങ്ങളിലുമുണ്ട് നിയന്ത്രണം. പിടിയിലായവരുടെ ഫോണിൽ നിന്നും പ്രതിഷേധ ദൃശ്യങ്ങൾ നീക്കം ചെയ്തു. ദൃശ്യങ്ങൾ പ്രചരിപ്പിച്ച സാമൂഹിക മാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രക്ഷോഭ വാർത്തകൾ നൽകരുതെന്ന് ഏജൻസികൾക്കും മാധ്യമങ്ങൾക്കും നിർദേശം നൽകി. 

പ്രതിഷേധ സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അമേരിക്കയിലും യൂറോപ്പിലും ജപ്പാനിലുമടക്കം ചൈനീസ് പൗരന്മാരുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നു. ഹോങ്കോങിലെ ചൈനീസ് സർവ്വകലാശാലയിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. അതിനിടെ, പ്രതിഷേധത്തെ പിന്തുണച്ച് അമേരിക്കയും ബ്രിട്ടണും രംഗത്തെത്തി. ചൈനീസ് നപടി വ്യക്തി സ്വാതന്ത്രത്തിൻമേലുള്ള കടന്നു കയറ്റമെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*