അതിരമ്പുഴ: സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി വിണ്ണിൽ നിന്നും മണ്ണിലേക്ക് ഇറങ്ങിയ ദൈവപുത്രൻ്റെ ആഗമനത്തിന്റെ ഓർമ്മ പുതുക്കുന്ന ക്രിസ്മസ് ആഘോഷത്തിന് വേറിട്ട കാഴ്ചകൾ ഒരുക്കി അതിരമ്പുഴ സെൻ്റ് മേരിസ് എൽപി സ്ക്കൂൾ. ക്രിസ്തുമസിന്റെ പ്രതീകമായി ചുവപ്പും വെള്ളയും ഡ്രസ്സ് ധരിച്ചെത്തിയ കുട്ടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച ക്രിസ്തുമസ് ട്രീയും ഉണ്ണീശോയും യൗസേപ്പിതാവും പരിശുദ്ധ മാതാവും ഒക്കെയായി കുട്ടികൾ തന്നെ വേഷമിട്ട ലൈവ് പുൽക്കൂടും ഏറെ ശ്രദ്ധേയമായി.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളത്തിന്റെ സാന്നിധ്യത്തിൽ ആരംഭിച്ച ആഘോഷങ്ങളിൽ സ്കൂൾ മാനേജർ റവറന്റ് സിസ്റ്റർ റോസ് കുന്നത്തുപുരിടം കുട്ടികൾക്ക് ക്രിസ്തുമസ് സന്ദേശം നൽകി.പിടിഎ പ്രസിഡണ്ട് മനോജ് പി ജോൺ ഗ്രാമ പഞ്ചായത്തംഗം ബേബിനാസ് അജാസ് തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് അൽഫോൻസാ മാത്യു സ്വാഗതവും സീനിയർ അസിസ്റ്റന്റ് സൈനി പി മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് അധ്യാപകർ സംഘഗാനം അവതരിപ്പിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂളിലേക്ക് യാത്ര സംവിധാനത്തിന് സഹായിക്കുന്ന എല്ലാവർക്കും കേക്ക് വിതരണവും നടത്തി.
Be the first to comment