കോട്ടയം: ക്രിസ്‌മസിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ഡിസംബർ എത്തുന്നതിന് മുമ്പ് തന്നെ ക്രിസ്മസ് വിപണി സജീവമായി. വഴിയോരങ്ങളിൽ മിന്നി തിളങ്ങുന്ന നക്ഷത്രങ്ങൾ ഇടംപിടിച്ചു കഴിഞ്ഞു. പതിവ് പോലെ സിനിമാ പേരിലുള്ള നക്ഷത്രങ്ങളാണ് വിപണി കീഴടക്കുന്നത്. 100 കോടി ക്ലബ്ബിൽ ഇടം നേടിയ ഹിറ്റ് ചിത്രം ആർഡിഎക്‌സ് പേരിലിറങ്ങിയ നക്ഷത്രമാണ് കോട്ടയത്തെ ‘സ്‌റ്റാർ’. അൻപത് ഡിസൈനിൽ മിന്നിതിളങ്ങുന്ന എൽഇഡി ലൈറ്റുകളുള്ള ഇതിന് 850 രൂപയാണ് വില. ഇവിടെയും തീരുന്നില്ല താരവിശേഷങ്ങൾ. രോമാഞ്ചം, ജെയിലർ, ലിയോ ഇങ്ങനെ പോകുന്നു.
പേപ്പർ സ്റ്റാറുകളുടെ വില 50 രൂപ മുതൽ 420 രൂപവരെയാണ്. ക്രിസ്‌മസ് ട്രീകളിലിൽ ഇടുന്ന നക്ഷത്രങ്ങൾക്ക് അഞ്ച് മുതൽ 10 രൂപവരെയാണ് വില. എൽഇഡി നക്ഷത്രങ്ങൾ 200 മുതൽ 600 രൂപവരെ. വിവിധ തരത്തിലുള്ള ട്രീകളും വിപണിയിൽ ഉണ്ട്. രണ്ട് അടിയുള്ള ട്രീക്ക് 100 രൂപ. നാലടിക്ക് 250, മെറ്റൽ ട്രീക്ക് 600, പൈൻ ട്രീക്ക് 750 മുതൽ ലഭ്യം. എൽഇഡി മാലകൾ 100 രൂപ മുതൽ ലഭിക്കും. ബലൂണുകൾ 10 രൂപ മുതലും മറ്റ് അലങ്കാര വസ്‌തുക്കൾ പാക്കറ്റിന് 50 രൂപ മുതൽ ലഭ്യമാകും. ഈറ്റയുടെ പുൽകൂടിന് 300, 450 എന്നിങ്ങനെയാണ് വില. ചൂരൽ ആകുമ്പോൾ 700 രൂപയാണ്. പുൽക്കൂട്ടിലെ രൂപങ്ങളും ലഭ്യം. 250 രൂപയിലാണ് ഇത് തുടങ്ങുന്നത്. പരീക്ഷകൾ കഴിഞ്ഞ് കുട്ടികൾ അവധിയിലേക്ക് പോകുന്നതോടെ നാട് ക്രിസ്‌മസ് ലഹരിയിലേക്ക് എത്തും.
Be the first to comment