വിട്ടുമാറാത്ത സമ്മർദം മാനസികാരോ​ഗ്യത്തെ മാത്രമല്ല മുഖത്തിന്‍റെ ഛായ തന്നെ മാറ്റിയേക്കാം

വിട്ടുമാറാത്ത സമ്മർദം മാനസികാരോ​ഗ്യത്തെ മാത്രമല്ല മുഖത്തിന്‍റെ ഛായ തന്നെ മാറ്റിയേക്കാം. കോർട്ടിസോൾ ഫെയ്സ് അഥവാ മൂൺ ഫെയ്സ് എന്ന് വിളിക്കുന്ന ഈ അവസ്ഥ നിങ്ങളിൽ പലർക്കും അനുഭവപ്പെട്ടിട്ടുണ്ടാവാം. ശരീരത്തിൽ സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്‍റെ അളവു അസാധാരണമായി കൂടുമ്പോൾ മുഖത്ത് വീക്കം ഉണ്ടാകുന്നതിനെ ആണ് കോർട്ടിസോൾ ഫെയ്സ് എന്ന് വിളിക്കുന്നത്. കുഷിങ് സിൻഡ്രോം എന്നും ഇതിനെ അറിയപ്പെടുന്നു. കോർട്ടിസോൾ അളവു കൂടുന്നതിനനുസരിച്ച് മുഖത്ത് കുരുക്കളും പ്രത്യക്ഷപ്പെടാം.

ശരീരത്തിന്‍റെ പ്രതിരോധശേഷി, വീക്കം, ഉപാപചയം, രക്തസമ്മർദ്ദം എന്നിവയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ഹോർമോൺ ആണ് കോർട്ടിസോൾ. കൂടാതെ സ്ട്രെസ് ഹോർമോൺ എന്നും അറിയപ്പെടുന്ന കോർട്ടിസോൾ സമ്മർദം നേരിടുന്ന സാഹചര്യങ്ങളിൽ ശരീരത്തെ ഫൈറ്റ് ഓർ ഫ്ലൈറ്റ് എന്ന പ്രതികരണ മോഡിലേക്ക് നയിക്കുന്നു. ഇത് രക്തത്തിലെ ​ഗ്ലൂക്കോസ് അളവു കൂട്ടുകയും തലച്ചോറിന്റെ പ്രവർത്തനം ഇരട്ടിയാക്കുകയും ചെയ്യും. ഈ സമയത്ത് ദഹനം പോലുള്ള പ്രധാനപ്പെട്ട പ്രവർത്തനങ്ങളെ അടിച്ചമർത്തുന്നു.

എന്താണ് കോൾട്ടിസോൾ ഫെയ്സ് അല്ലെങ്കിൽ മൂൺ ഫെയ്സ്

കോർട്ടിസോളിൻ്റെ അമിതമായ അളവ് കവിളുകളിലും കഴുത്തിന് പിൻഭാ​ഗത്തും കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകും. കൂടാതെ പൊണ്ണത്തടിയിലേക്കും നയിക്കാം. ദിവസവുമുള്ള കോർട്ടിസോൾ ഏറ്റക്കുറച്ചിലുകൾ ശരീരത്തെ ബാധിക്കില്ലെങ്കിലും വിട്ടുമാറാത്ത സമ്മർദം ശാരീരികമാറ്റത്തിന് കാരണമാകും.

കൂടാതെ കോർട്ടിസോളിന്‍റെ അമിത അളവു മുഖത്ത് എണ്ണമയം കൂട്ടാനും ഇത് മുഖക്കുരുവിനും നീർക്കെട്ടിനും കാരണമാകുന്നു. ഇതെല്ലാമാണ് മുഖത്തിന്റെ രൂപമാറ്റത്തിന് കാരണമാകുന്നു. കൂടാതെ വിട്ടുമാറാത്ത ഉയർന്ന കോർട്ടിസോളിൻ്റെ അളവ് ചർമത്തിലെ കൊളാജൻ ഉൽപാദനത്തെ തടസപ്പെടുത്തുന്നതു മൂലം പെട്ടെന്ന് ചർമം പ്രായമാകാനും കാരണമാകുന്നു.

ശരീരത്തിൽ കോർട്ടിസോളിൻ്റെ അളവിലുള്ള അസന്തുലിതാവസ്ഥ പല വിധത്തിൽ ശരീരത്തെ ബാധിക്കാം. മുഖത്തിനുണ്ടാകുന്ന വീക്കത്തിന് പുറമെ പേശികൾക്ക് ബലഹീനതയും ഉയർന്ന രക്തസമ്മർദത്തിനും പ്രമേഹത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*