കൊച്ചി : തീരുമാനിച്ച തീയതിയിൽ നിന്ന് സിനിമാ കോൺക്ലേവ് മാറ്റിയേക്കും. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിശ്ചയിച്ച സിനിമ കോൺക്ലേവ് ആണ് മാറ്റുന്നത്. നവംബർ 24, 25 തീയതികളിലാണ് കോൺക്ലേവ് നടത്താൻ തീരുമാനിച്ചിരുന്നത്. നവംബർ 20 മുതൽ 28 വരെ ഗോവൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്നതിനാലാണ് തീരുമാനം. കോൺക്ലേവ് ജനുവരിയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. കേരളീയം, ഐഎഫ്എഫ്കെ എന്നിവ ഡിസംബറിൽ നടക്കുന്നതുകൊണ്ടാണ് ജനുവരിയിലേക്ക് തീയതി മാറ്റാൻ ആലോചിക്കുന്നത്.
വിവിധ മേഖലകളിൽ നിന്നുള്ള 350 ക്ഷണിതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടാണ് കോൺക്ലേവ് നടത്താൻ ലക്ഷ്യമിടുന്നത്. സിനിമാനയം രൂപീകരിക്കുകയാണ് കോൺക്ലേവിന്റെ ലക്ഷ്യം. കെഎസ്എഫ്‍ഡിസിക്കാണ് ഏകോപന ചുമതല. കോൺക്ലേവിന് മുൻപ് സിനിമ സംഘടനകളുമായി ചർച്ച നടത്തും. സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് നടത്തുന്നതെന്നാണ് സർക്കാർ വിശദീകരണം.
എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ വിവാദങ്ങളും സർക്കാർ കേസെടുക്കാൻ മടിക്കുന്നുവെന്ന ആരോപണങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച കോൺക്ലേവിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. കോൺക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇരകളെയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോൺക്ലേവ് നടത്തുന്നതെന്ന് ഡബ്ല്യുസിസിയും ചോദിച്ചിരുന്നു.
Be the first to comment