ഇന്ത്യയുടെ പൗരത്വഭേദഗതി നിയമം; ആശങ്ക പ്രകടിപ്പിച്ച് യുഎന്നും യുഎസും

ഇന്ത്യയിൽ കഴിഞ്ഞ ദിവസം നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ അശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭയും അമേരിക്കയും. പൗരത്വഭേദഗതി നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കുമെന്നും അടിസ്ഥാനപരമായി വിവേചനപരമായ സ്വഭാവമാണ് നിയമം കാണിക്കുന്നതെന്നും യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് വക്താവ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

നിയമത്തിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഹൈക്കമ്മീഷണറുടെ ഓഫീസ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമ വിജ്ഞാപനത്തിൽ ആശങ്കയുണ്ടെന്നും നിയമം എങ്ങനെ നടപ്പാക്കുമെന്ന് ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

‘മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ സമുദായങ്ങൾക്കും നിയമപ്രകാരം തുല്യ പരിഗണനയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് പറഞ്ഞു. ഹ്യൂമൻ റൈറ്റ്സ് വാച്ചും ആംനസ്റ്റി ഇന്റർനാഷണലും പൗരത്വഭേദഗതി നിയമത്തിനെതിരെ രംഗത്ത് വന്നു.

നിയമം മുസ്‌ലിമുകളോട് വിവേചനം കാണിക്കുന്നെന്നും സംഘടനകൾ പറഞ്ഞു. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചത്.

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും പീഡിപ്പിക്കപ്പെടുന്ന മുസ്ലിങ്ങളൊഴികെയുള്ള എല്ലാ മതക്കാരെയും സംരക്ഷിക്കുന്നതാണ് സിഎഎയെന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം.

Be the first to comment

Leave a Reply

Your email address will not be published.


*