ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങൾ നിശ്ചലമാക്കും; സമരം പ്രഖ്യാപിച്ച് സംയുക്ത സംഘടനകൾ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെ നാളെ മുതല്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള തീരുമാനവുമായി ഗതാഗത വകുപ്പ് മുന്നോട്ടുപോകുന്നതിനിടെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്ക്കരണവുമായി മുന്നോട്ടുപോകുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. ബഹിഷ്കരണം പിന്‍വലിക്കില്ലെന്നും സമരം ശക്തമായി തുടരുമെന്നുമാണ് മുന്നറിയിപ്പ്.

നാളെ മുതല്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ നിശ്ചലമാക്കാനും തീരുമാനിച്ചു. ആര്‍ടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി. മറ്റു സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ സംയുക്ത സമരവും ആരംഭിക്കും. ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിച്ചുകൊണ്ടും ടെസ്റ്റ് ഗ്രൗണ്ട് നിശ്ചലമാക്കിയുമായിരിക്കും സമരം. ഡ്രൈവിംഗ് പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് മന്ത്രി ഏകപക്ഷീയമായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കള്‍ വ്യക്തമാക്കി.

മെയ് രണ്ട് മുതല്‍ ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താൻ അനുവദിക്കില്ലെന്നാണ് സിഐടിയുവിന്‍റെയും മറ്റു തൊഴിലാളി സംഘടനകളുടെയും നിലപാട്. പ്രതിഷേധം തണുപ്പിക്കാൻ ഗതാഗതമന്ത്രി ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമരവുമായി തൊഴിലാളി സംഘടനകൾ മുന്നോട്ട് പോവുകയാണ്. പ്രതിദിനം 30 ലൈസൻസ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വ‍ർഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല, തുടങ്ങി മെയ് 2 മുതൽ വലിയ പരിഷ്ക്കാരത്തിനായിരുന്നു മന്ത്രി ഗതാഗതമന്ത്രിയുടെ നിർദ്ദേശം. പുതിയ ട്രാക്കൊരുക്കാൻ ഗതാഗത കമ്മീഷണർ സർക്കുലർ ഇറക്കിയെങ്കിലും ഇതുവരെ പുതിയ ട്രാക്കുകള്‍ ഉണ്ടാക്കിയുമില്ല. 

ട്രാക്കൊരുക്കാതെ പരിഷ്ക്കാരത്തെ തടയാനായിരുന്നു ഡ്രൈവിംഗ് സ്കൂളുകളുടെ നീക്കം. എന്നാൽ ചില ഇളവുകള്‍ വരുത്തി ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണം തുടരാൻ മന്ത്രി ഇന്നലെ തീരുമാനിച്ചു. ‍പ്രതിദിന ടെസ്റ്റ് 60 ആക്കി, പുതിയ ട്രാക്ക് ഒരുക്കുന്നതുവരെ എച്ച്  ടെസ്റ്റ് തുടരും, എച്ച്. ടെസ്റ്റിന് മുമ്പ് റോഡ് ടെസ്റ്റ് നടത്തണം. ഇതായിരുന്നു ഇളവുകള്‍. എന്നാൽ, പരിഷ്ക്കരണത്തിനായി ഇറക്കിയ സർക്കുലർ തന്നെ റദ്ദാക്കണമെന്നാണ് സിഐടിയുവിൻ്റെ ആവശ്യം. പ്രതിദിനം 100 ലൈസൻസിന് മുകളിൽ നൽകുന്ന 15 ഡ്രൈവർമാർക്ക് ഇന്നലെ പരസ്യ ടെസ്റ്റ് നടത്തിയിരുന്നു. ഡ്രൈവിംഗ് പരീക്ഷ കടുകട്ടിയാക്കിപ്പോൾ കൂട്ടതോൽവിയായിരുന്നു ഫലം. 100 ലധികം ലൈസൻസ് നൽകിയത് മതിയായ പരിശോധനയില്ലാതെയെന്നാണ് അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ട്. ഇതനുസരിച്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും.

Be the first to comment

Leave a Reply

Your email address will not be published.


*