അക്ഷയ് കുമാറിന്റെ പരിപാടിക്കിടെ ഉത്തർപ്രദേശിൽ സംഘർഷവും ലാത്തിച്ചാർജും

അക്ഷയ് കുമാർ-ടൈഗർ ഷ്‌റോഫ് പരിപാടിക്കിടെ സംഘർഷവും ലാത്തിച്ചാർജും.  ഉത്തർപ്രദേശിലെ ഹുസൈനാബാദ് ക്ലോക്ക് ടവറിനു സമീപത്തായിരുന്നു പരിപാടി.  റിലീസിനൊരുങ്ങുന്ന ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ആരാധകരുടെ ഉന്തും തള്ളുമുണ്ടായത്. പൊലീസ് നടപടിയിൽ നിരവധി പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഇക്കാര്യം പൊലീസ് നിഷേധിച്ചു.  ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

താരങ്ങളെ കാണാനായി ആയിരങ്ങളാണു തടിച്ചുകൂടിയിരുന്നത്.  ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും സമ്മാനങ്ങൾ വാരിവിതറിയതോടെയാണ് ആൾക്കൂട്ടത്തിന്റെ നിയന്ത്രണം നഷ്ടമായത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ലാത്തിച്ചാർജ് നടപടി നിഷേധിക്കുകയാണ് പൊലീസ്. ബാരിക്കേഡും തകർത്ത് വേദിയിലേക്ക് ആരാധകർ ഓടിയടുത്തതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു.  ജനക്കൂട്ടത്തിൽനിന്നു ചെരിപ്പേറുണ്ടായതായും റിപ്പോർട്ടുണ്ട്.  സംഭവത്തിനു പിന്നാലെ പരിപാടി പൂർത്തിയാക്കാതെ താരങ്ങൾ വേദി വിട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*