
തൃശ്ശൂര്‍: തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ തോല്‍വിയും തുടര്‍ന്ന് ഡിസിസി ഓഫീസിലുണ്ടായ കൂട്ടയടിയിലും കര്‍ശന നടപടിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെയും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എംപി വിന്‍സെന്റിനേയും നീക്കും. ഇരുവരുടെയും രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് കെപിസിസിക്ക് നിര്‍ദേശം നല്‍കി. എഐസിസി നിര്‍ദേശം കെപിസിസി ഇരുനേതാക്കളെയും അറിയിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ യുഡിഎഫ് പിന്നോട്ട് പോയതും ഡിസിസി ഓഫീസില്‍ സംഘര്‍ഷം ഉണ്ടായതുമെല്ലാം പരിഗണിച്ചാണ് ഇരു നേതാക്കളോടും രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് മൂന്നാമത് പോയതിനെയും, കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നതിനെയും ഗൗരവമായാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കാണുന്നത്. തൃശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ തോല്‍വിയെ കുറിച്ച് അന്വേഷിക്കാന്‍ എഐസിസി നിര്‍ദേശ പ്രകാരം കെപിസിസി നാലംഗ സമിതിയെ രൂപീകരിക്കും.
തെരഞ്ഞെടുപ്പിലെ വീഴ്ചകളുടെ പശ്ചാത്തലത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിടുന്നതും കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. പാലക്കാട് എംപി വികെ ശ്രീകണ്ഠന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതല നല്‍കാനാണ് തീരുമാനം. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, എം പി വിന്‍സെന്റ്, മുന്‍ എംപി ടി എന്‍ പ്രതാപന്‍, മുന്‍ എംഎല്‍എ അനില്‍ അക്കരെ തുടങ്ങിയവര്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ തൃശൂരില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചരിച്ചിരുന്നു.
Be the first to comment