ബിജെപി വോട്ടുകള്‍ എവിടെപ്പോയി?; പാലക്കാട് നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

പാലക്കാട്: പാലക്കാട് നഗരസഭാ യോഗത്തില്‍ വാക്കേറ്റവും കയ്യാങ്കളിയും. ബിജെപി- എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മിലായിരുന്നു തര്‍ക്കം. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗമാണ് കൈയാങ്കളിയില്‍ കലാശിച്ചത്.

ഉപതെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. എന്‍ ശിവരാജന്‍ ഉള്‍പ്പെടെയുള്ള ബിജെപി കൗണ്‍സിലര്‍മാരും എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും തമ്മിലാണ് കൈയാങ്കളി ഉണ്ടായത്. ബിജെപി വോട്ടുകള്‍ എവിടെപ്പോയെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചോദിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. ഇത് ചോദിക്കാന്‍ സിപിഎമ്മിന് എന്ത് അവകാശമുണ്ടെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ മറുചോദ്യം ചോദിച്ചു. ഇതിനിടെ, എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും നഗരസഭാ അധ്യക്ഷ പ്രമീള ശശിധരനും തമ്മിലായി വാക്കേറ്റം ഉണ്ടാവുകയായിരുന്നു.

ലീഗ് കൗണ്‍സിലര്‍ സെയ്ദ് മീരാന്‍ ബാബു സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അധ്യക്ഷ അനുമതി നല്‍കാത്തതാണ് തര്‍ക്കത്തിന് തുടക്കം. അധ്യക്ഷക്ക് നേരെ പ്രതിഷേധം തുടര്‍ന്നപ്പോള്‍ പ്രതിരോധവുമായി എന്‍ ശിവരാജന്‍ നടുത്തളത്തില്‍ ഇറങ്ങി. കോണ്‍ഗ്രസ് പ്രതിനിധി മന്‍സൂറിനെയാണ് അധ്യക്ഷ ക്ഷണിച്ചത്. തര്‍ക്കം പരിഹരിക്കാന്‍ വന്ന മന്‍സൂറും ശിവരാജനും തമ്മില്‍ കയ്യാങ്കളിയായി.

ഒരാള്‍ക്കും അവസരം നിഷേധിച്ചിട്ടില്ലെന്ന് അധ്യക്ഷ പ്രമീള ശശിധരന്‍ യോഗത്തില്‍ പറഞ്ഞു. പ്രത്യേക താത്പര്യം ആരോടുമില്ലെന്നും തുല്യ പരിഗണനയാണ് നല്‍കുന്നതെന്ന് അധ്യക്ഷ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*