കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടി; നേതാക്കളെ കെപിസിസി സസ്‌പെന്റ് ചെയ്തു

കോട്ടയത്ത് ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ തമ്മിലടിച്ച സംഭവത്തില്‍ ഇരുവരെയും കെപിസിസി സസ്‌പെന്റ് ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഷിന്‍സ് പീറ്ററിനെയും ടി.കെ.സുരേഷ് കുമാറിനെയുമാണ് സസ്‌പെന്റ് ചെയ്തത്. നെടുംകുന്നത്ത് നേതാക്കള്‍ നടത്തിയ കയ്യാങ്കളിയില്‍ ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിക്കും സസ്‌പെന്‍ഷന്‍. രണ്ട് സംഭവങ്ങളും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതായി നേതൃത്വം കണ്ടെത്തി. കയ്യാങ്കളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ കെപിസിസി പ്രസിഡന്റിന്റെ ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വേഗത്തിലുള്ള നടപടി. രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ ആണ് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ അടിച്ചത്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പങ്കെടുത്തു കൊണ്ട് ഒരു റാങ്ക് ഹോള്‍ഡേഴ്സ് ജേതാക്കളുടെ അനുമോദന പരിപാടി കൊടുങ്ങൂരില്‍ നടന്നിരുന്നു. ഇതിനിടയില്‍ ഉണ്ടായ അസ്വാരസ്യങ്ങളാണ് പരസ്യ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ഹാളിന് പുറത്തേക്കിറങ്ങിയ ഷിന്‍സ് പീറ്ററെ ടി.കെ.സുരേഷ് പിടിച്ചു തള്ളുകയായിരുന്നു. ഇത് സിസിടിവിയില്‍ പതിയുകയും ആദ്യം ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ചെയ്തു. തുടര്‍ന്ന് സിപിഐഎം ഉള്‍പ്പെടെ ഏറ്റെടുക്കുകയായിരുന്നു. 

കോട്ടയം നെടുംകുന്നത്ത് ആണ് രണ്ടാമത്തെ സംഭവം. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോ പായിക്കാടനും, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമായ ജിജി പോത്തനും തമ്മിലാണ് നടുറോഡില്‍ ഏറ്റുമുട്ടിയത്. വ്യക്തിപരമായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് കലാശിച്ചത് എന്നാണ് വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*