മുകേഷ് എംഎൽഎയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

കൊല്ലം: മുകേഷ് എംഎൽഎയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മുകേഷ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രകടനവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഓഫീസിന് നൂറുമീറ്റർ അപ്പുറത്ത് ബാരിക്കേഡുകൾ വെച്ച് പോലീസ് തടഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലാണ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത്. തുടർന്നുണ്ടായ ലാത്തി ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. ബലാത്സംഗ പ്രതിയായ ഒരു എംഎൽഎയെ സംരക്ഷിക്കാൻ വനിതാ പ്രവർത്തകരെ അടക്കം അടിച്ചോടിച്ചുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

അതേസമയം, ലൈംഗിക പീഡന കേസ് നേരിടുന്ന എം മുകേഷ് നിയമസഭാംഗത്വം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐഎം. ഇന്ന് നടന്ന സമിതി യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചയും തീരുമാങ്ങളുമുണ്ടായിരുന്നു. ബ്ലാക്ക് മെയില്‍ തന്ത്രത്തിന്റെ ഭാഗമായാണ് പരാതിയെന്ന വിശദീകരണവും അത് സാധൂകരിക്കാന്‍ കഴിയുന്ന തെളിവുകളും മുകേഷ് പാര്‍ട്ടിക്ക് മുന്നിൽ നേരത്തെ സമർപ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മുകേഷിനെ സംരക്ഷിക്കാനും നിയമസഹായം നൽകാനും സിപിഐഎം കമ്മിറ്റി യോഗം തീരുമാനിച്ചത്.

മുകേഷ് രാജി വെക്കണോ വേണ്ടയോ എന്ന കാര്യത്തിൽ എൽഡിഎഫിൽ ഭിന്നത ഇപ്പോഴും തുടരുന്നുണ്ട്. മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സിപിഐയിലെയും സിപിഐഎമ്മിലെയും ദേശീയ നേതാക്കൾ. അതേസമയം ഇരു ഘടക കക്ഷിയിലെയും സംസ്ഥാന നേതാക്കൾ മുകേഷിന് അനുകൂല നിലപാടാണ് എടുത്തിരിക്കുന്നത്.

നടിയുടെ ലെെംഗികാതിക്രമ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ 26-ാം തീയതിയാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്.

പിന്നീട് നടി ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*