ക്രിസ്മസ് രാത്രിയിലും ഗാസയില്‍ കൂട്ടക്കുരുതി, കൊല്ലപ്പെട്ടത് 70 പേര്‍

ലോകം ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുമ്പോഴും യുദ്ധ ഭീതിയില്‍ വാഗ്ദത്ത ഭൂമി. ഇസ്രയേല്‍ ഹമാസ് യുദ്ധം മൂന്ന് മാസം പിന്നിടുമ്പോള്‍ ഗാസ ക്രിസ്മസ് രാത്രിയിലും കുരുതിക്കളമായി മാറി. ഇസ്രയേല്‍ സൈനിക നടപടിയില്‍ കഴിഞ്ഞ ദിവസം മാത്രം കൊല്ലപ്പെട്ടത് 70 പേരാണെന്നാണ് കണക്കുകള്‍.

സെന്‍ട്രല്‍ ഗാസ മുനമ്പിലെ അല്‍-മഗാസി, അല്‍ബുര്‍ജ് അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് സമീപമായിരുന്നു ഇന്നലെ ഏറ്റവും രൂക്ഷമായ ആക്രമണം അരങ്ങേറിയത്. അല്‍-മഗാസി അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മാത്രം 70 പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. വലിയ ജനവാസ കേന്ദ്രങ്ങളില്‍ ഒന്നായ ഇവിടെയുണ്ടായ ആക്രമണങ്ങളില്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസിലും വലിയ തോതിലുള്ള ആക്രമണങ്ങളുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഇതുവരെ ഗാസയില്‍ മാത്രം 20,424 പേര്‍ മരിച്ചതായാണ് കണക്കുകള്‍. 54,036 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*