ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിനിടെ പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘർഷം. മണിപ്പൂരില്‍ ആയുധധാരികളായ സംഘം പോളിങ്ബൂത്തില്‍ അതിക്രമിച്ച് കയറി വോട്ടിംഗ് യന്ത്രങ്ങള്‍ അടിച്ച് തകർത്തു. ബൂത്ത് പിടിക്കാനുള്ള ശ്രമത്തിനിടെ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളില്‍ കൂച്ച്ബിഹാറിലും അലിപൂർദ്വാറിലും ബിജെപി ടിഎംസി പ്രവർത്തകർ ഏറ്റുമുട്ടി.
കലാപം നടക്കുന്ന മണിപ്പൂരില്‍ അതീവ സുരക്ഷയില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. ഇംഫാല്‍ ഈസ്റ്റിലെ ഖോങ്മാന്നില്‍ പോളിങ് സ്റ്റേഷനിലേക്ക് ആയുധധാരികളായ സംഘം അതിക്രമിച്ച് കയറി സംഘർഷം ഉണ്ടാക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവിഎം, വിവിപാറ്റ് യന്ത്രങ്ങൾ അടിച്ചു തകർത്തു. സുരക്ഷസേനയും പോളിങ് ഉദ്യോഗസ്ഥരും നോക്കി നില്‍ക്കേയാണ് സംഭവങ്ങളുണ്ടായത്. ഒരു സംഘം ഖോങ്മാന്നിലെ സോണ്‍ 4 ലെ പോളിങ് സ്റ്റേഷനില്‍ കയറിയും വോട്ടിംഗ് യന്ത്രങ്ങള്‍ തകർത്തു. ബൂത്ത് പിടിച്ചെടുക്കാൻ ആള്‍ക്കൂട്ടം ശ്രമിച്ച സ്ഥലത്ത് പോലീസ് ആകാശത്തേക്ക് വെടിവെച്ചു. തീവ്ര മെയ്ത്തെയ് വിഭാഗമായ അരംഭായ് തെങ്കോലാണ് ആയുധങ്ങളുമായി സംഘർഷം ഉണ്ടാക്കിയതെന്നും കള്ളവോട്ട് ചെയതതെന്നുമാണ് ആരോപണം.
പശ്ചിമബംഗാളിലെ കൂച്ച് ബിഹാർ, അലിപൂർദ്വാർ മേഖലകളിലാണ് ബിജെപി തൃണമൂല്‍ പ്രവർത്തകർ തമ്മില്‍ സംഘർഷം ഉണ്ടായത്. ആയുധങ്ങളുമായെത്തിയ ബിജെപി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തൂഫാൻഗഞ്ചിലെ ടിഎംസി ഓഫീസ് ബിജെപി പ്രവർത്തകർ കത്തിച്ചുവെന്നും തൃണമൂല്‍ ആരോപിച്ചു. പ്രവർത്തകർ ആക്രമിക്കപ്പെടുമ്പോൾ കേന്ദ്രസേന നോക്കിനിൽക്കുന്നുവെന്നും ജനാധിപത്യത്തിൻ്റെ ആഘോഷം ബിജെപി ജനാധിപത്യത്തിന്‍റെ വധമാക്കി മാറ്റുന്നുവെന്നും തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി.
Be the first to comment